Tuesday 27 September 2011

എന്ത് പറ്റി, വണ്ടിക്ക്‌ ?



 ܟܬ݂ܵܒ݂ ܩܵܐܹܡ   (വര്‍ത്തമാന പുസ്തകം)    അഞ്ചാം പാദം  
  
ഈശോമ്ശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ദയ്റാ
ദയ്റായിലെ ആവാ, ഞങ്ങളോട് ദയ്റായില്‍ താമസിക്കാന്‍ പറഞ്ഞു. ദയ്റായെക്കുറിച്ച്  കുറച്ചേറെ പറയാനുണ്ട്‌. അത് പിന്നീടു പറയാം. നാല് വര്‍ഷമായി ദയ്റാ ജീവിതചര്യയിലാണ് ഞങ്ങളും . ദയ്റാ ജീവിത ശൈലിയില്‍, ദയ്റായില്‍ കഴിഞ്ഞുകൊണ്ട് ദയ്റായെ നയിക്കുന്ന  തലവനെ വിളിക്കുന്ന ഒരു പേരാണ് ദയ്റാ ആവാ എന്നുള്ളത്.

പരിശുദ്ധ സ്ലീവായുടെ തിരുനാള്‍.

ഈലോല് (സെപ്റ്റംബര്‍) മാസം പതിമൂന്നാം തീയതിയില്‍ കൊണ്ടാടുന്ന കന്തീശാ (പരിശുദ്ധ) സ്ലീവായുടെ ഏദാ (തിരുനാള്‍) പ്രമാണിച്ചുള്ള  റമ്ശാ ശുശ്രുഷയില്‍ ഞങ്ങളും പങ്കെടുത്തു. പതിവ്‌ പോലെ അന്നും ഏഴ് നേര യാമശുശ്രുഷകള്  ദയ്റായില്‍ ഉണ്ടായിരുന്നു. മാര്‍ സ്ലീവായുടെ  കണ്ടെടുക്കല്‍ തിരുനാള്‍, എന്നാണിത്, അറിയപ്പെട്ടുകൊണ്ടിരുന്നത്.

ഹുദ്റാ

സ്ലീവാ കണ്ടെത്തിയതിന്റെ ആഘോഷമായിരുന്നു, ആദ്യകാലത്ത് ഈ തിരുനാള്‍. നമ്മുടെ സഭയുടെ ഔദ്യോഗികപ്രാര്‍ത്ഥനകള്‍ അടങ്ങിയിരിക്കുന്ന ആറാമായാ (സുറിയാനി - സുറിയായാ) ഭാഷയിലുള്ള ഹുദ്റാ എന്ന ഗ്രന്ഥത്തിലും പതിമൂന്നാം തീയതിയിലാ ണ് ഈ തിരുനാള്‍ കൊടുത്തിരിക്കുന്നത്.

ചരിത്രപരം

സ്ലീവായുടെ മഹത്വത്തെ കീര്‍ത്തിച്ചുകൊണ്ട് തുടര്‍ന്നുവന്ന ദിവസത്തില്‍ നടത്തിയിരുന്ന രീതികളെത്തുടര്‍ന്ന് പതിനാലാം തീയതി സ്ലീവായുടെ പുകഴ്ച്ചയുടെ തിരുനാളായി പ്രചരിക്കപെട്ടതായിരിക്കാം. ഏതായാലും സ്ലീവാ കണ്ടെത്തിയതാണല്ലോ ഈ തിരുന്നാളിന്റെ മൂലകാരണം. നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) ഭാഷയിലുള്ള ഹുദ്റാ എന്ന ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന പ്രകാരം പതിമൂന്നാം തീയതി ഈ തിരുന്നാള്‍ ആഘോഷിക്കുന്നതാണ്, ചരിത്രപരമായിപ്പോലും അര്‍ത്ഥവത്തായത്.

കാലാ ദ്ശഹ്റാ

പതിമൂന്നാം തീയതി രാവിലെ മൂന്ന്‍ മണിക്കത്തെ കാലാ ദ്ശഹ്റാ ശുശ്രൂഷക്ക് ( വെളുപ്പാന്‍കാല സ്തുതിപ്പ്‌ശുശ്രുഷാ) ശേഷം പരിശുദ്ധ കുര്‍ബാന ശുശ്രൂഷയായിരുന്നു. വലിയ മഴയുള്ള  സമയമായിരുന്നു, ആ വെളുപ്പാന്‍കാലം .

ഈശോയുടെ ഭാഷ

നമ്മുടെ കര്‍ത്താവ് ഈശോയുടെ ഭാഷയായ ആറാമായ അഥവാ സുറിയാനി ഭാഷയിലായിരുന്നു, ദയ്റാ ആവാ കുര്‍ബാന ചൊല്ലിയത്. ശുശ്രുഷാപട്ടപ്രകാരം ഞങ്ങളും കുര്‍ബാനയില്‍ പങ്കാളികളായി.
ദയ്റാ ആവാ കുര്‍ബാനക്കിടയിലെ പ്രഘോഷണത്തില്‍ പറഞ്ഞ ചില ആശയങ്ങള്‍ കുറിക്കട്ടെ.

നസ്രായ ചെയ്തികളുടെ എല്ലാം മാനദണ്ഡം.

അമ്മാഓസ് യാത്രയില്‍ ഉത്ഥിതനീശോ ശിഷ്യന്മ്മാരുടെ കൂടെ യാത്ര ചെയ്തു. ആ യാത്രയില്‍ തന്നെതന്നെ കുര്‍ബാനയായി അവന്‍ അവര്‍ക്ക്‌ വെളിപെടുത്തി. ഇപ്പോള്‍ കുര്‍ബാനയായ ഉത്ഥിതനീശോ നമ്മുടെ കൂടെ ഉണ്ട്. അവന് ഇഷ്ടപെട്ട യാത്രയാണ്, ദയ്റാ യാത്ര. ഈ യാത്ര ക്ലേശകരമാണ്. ഉത്ഥിതനീശോയെ ധ്യാനിച്ചില്ലേല്‍, ക്ലേശകരമായ ദയ്റാ യാത്രയില്‍ പിടിച്ചുനില്‍ക്കാനാവില്ല. ഒറ്റപെടും, തെറ്റിദ്ധരിക്കപ്പെടും, സ്വന്തക്കാര്‍ പോലും വട്ടന്മ്മാര്‍ എന്ന് നമ്മെ വിളിച്ചെന്നുവരും. എപ്പോഴും വിചാരിക്കുക; നമ്മുടെ ആദിമ ആറാമായാ (സുറിയായാ - സുറിയാനി) പള്ളിക്കനുസരിച്ചാണോ നാം നീങ്ങുന്നതെന്ന്. അതായിരിക്കട്ടെ നസ്രായ ചെയ്തികളുടെ എല്ലാം മാനദണ്ഡം.

താപസികശൈലിയാണ്, മറ്റ് വാക്കില്‍  ദയ്റാ

1600 വര്‍ഷങ്ങളിലായി  നമുക്കുണ്ടായിരുന്നതും 400 വര്‍ഷങ്ങളിലെ പോര്‍ച്ചുഗീസ് വത്ക്കരണത്തിലൂടെ നഷ്ടപ്പെട്ടതുമായ, നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തില്‍ ഇന്ന് നമ്മള്‍ ജീവിക്കാന്‍, ആ ചൈതന്യത്തിലേക്ക് നമ്മുടെ ഇന്നത്തെ  നസ്രായക്കാരെ എല്ലാം ക്ഷണിക്കുവാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ഉപവാസവും പ്രാര്‍ത്ഥനയും അദ്ധാനവും ഭാരം വഹിക്കലും ഒത്തുചേരുന്ന ആദിമ താപസികശൈലിയാണ്, മറ്റ് വാക്കില്‍  ദയ്റാ ജീവിതശൈലിയാണ്.

വിശുദ്ധ പാരമ്പര്യത്തിന്റെ അടിത്തറ

നമ്മുടെ നസ്രായാ ചൈതന്യം  വീണ്ടെടുക്കുന്നതില്‍,  പ്രബന്ധ അവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒക്കെ  ഏറെ പരിമിതികളുണ്ട്. നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിന്റെ അടിത്തറ, ആരാധനക്രമത്തിലാണ്.  അവിടെയാണല്ലോ നാം നമ്മുടെ മാര്‍ഗ്ഗത്തിന്റെ മൂലകാരണമായ നസ്റായാ ഈശോമ്ശിഹായെ അവന്‍റെ വെളിപാടുപ്രകാരം കണ്ടുമുട്ടുന്നത്.

ഏച്ചുവെച്ചാല്‍ മുഴച്ചിരിക്കും

പോര്‍ച്ചുഗീസ് വത്കരിക്കപ്പെട്ടതും ആധുനികവുമായ ലോലഭക്ത്യാഭ്യാസങ്ങളുടെ ഇടയില്‍ ഞെരുക്കപെട്ട  അവസ്ഥയിലാണ്, ഇന്ന്‍, നമ്മുടെ ആരാധനക്രമം. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും ചേര്‍ന്നുള്ള സമീപനമല്ലേല്‍  ആരാധനക്രമനവോത്ഥാനത്തിന് പകരം ഉറവിടങ്ങളില്‍ നിന്നകന്നതും ഏച്ചുവെച്ചാല്‍ മുഴച്ചതുമായ ആരാധനക്രമനവീകരണങ്ങള്‍ ഉണ്ടാകും. അതെത്തുടര്‍ന്ന് തെറ്റിദ്ധാരണകളും. ഇന്ന് ഇതൊക്കെ സംഭവിക്കുന്നുണ്ടല്ലോ.

പോര്‍ച്ചുഗീസ് വത്കരിക്കപെട്ട – നമ്മള്‍

അന്ന് പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ വിദേശയാത്രകള്‍ വേണ്ടിയിരുന്നെങ്കില്‍, ഇന്നു വേണ്ടത്, പോര്‍ച്ചുഗീസ് വത്കരിക്കപെട്ട – നമ്മുടെയിടയില്‍തന്നെ, നിലനില്‍ക്കുന്ന  സ്വാധീനങ്ങളില്‍ നിന്നുള്ള മോചനമാണ്. ഇത്തരുണത്തില്‍, നമ്മുടെയിടയില്‍തന്നെ  വിശ്വാസത്തോടും  സ്നേഹത്തോടും ഉപവാസത്തോടും പ്രാര്‍ത്ഥനയോടും ചേര്‍ന്നുള്ള താപസികയാത്രയാണ്  വേണ്ടത്. അതാണ് നവ കപ്പല്‍ യാത്ര. അതാണ് ദയ്റാ യാത്ര.

നന്ദിയോടെ നമുക്കോര്‍ക്കാം.

പോര്‍ച്ചുഗീസ് വത്ക്കരണത്തില്നിന്ന്, മാര്‍തോമാനസ്രാണികളെ മോചിപ്പിച്ച്, തങ്ങളുടെ  പുരാതന  പൌരസ്ത്യ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിലേക്ക്‌  തിരികെക്കൊണ്ടുവരാന്‍, കര്‍ത്താവിന്റെ ദാസര്‍ യൌസെപ്പ് മല്പ്പാനും തോമ്മാ കത്തനാരും നടത്തിയ സാഹസികമായ കപ്പല്‍ യാത്രയെ നന്ദിയോടെ നമുക്കോര്‍ക്കാം.

ദയ്റാക്രമം

നമുക്കേറെ സന്യസ്ത സമൂഹങ്ങള്‍ ഉണ്ടെങ്കിലും, ആദിമകാലത്ത് എല്ലാ സഭകളിലും ഉണ്ടായിരുന്നതും,  നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിന്റെ മുഴുവന്‍ സവിശേഷതകളും ഉള്‍കൊള്ളുന്നതുമായ  താപസിക ജീവിതശൈലി അഥവാ ദയ്റാക്രമം  നമുക്ക് ഇന്നില്ലല്ലോ.

പദവികള്‍ക്കും പേരിനും പെരുമയ്ക്കും

ദയ്റാ അടിത്തട്ടിലാണ് നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യം വളര്‍ന്നത്‌. ദയ്റാ അടിത്തറ പോഷിപ്പിക്കാതെ, നമ്മുടെ ആദിമ രീതി വളര്‍ത്തികൊണ്ടുവരാനാവില്ല. താപസിക ജീവിതശൈലിയില്‍  അഥവാ ദയ്റാക്രമത്തില്‍ പദവികള്‍ക്കും പേരിനും പെരുമയ്ക്കും വേണ്ടിയുള്ള ഓട്ടമില്ലാത്തതിനാല്‍, ഇങ്ങോട്ട് (ദയ്റാപ്പട്ടത്തിന്) ആള്‍ക്കാര്‍ കുറവാണ്‌.

ദയ്റായ പട്ടക്കാരാകാന്‍ വിളിക്കപ്പെട്ട പ്രിയപ്പെട്ട മക്കളേ, യഥാര്‍ത്ഥ ദയ്റായക്കാരനായ ഉത്ഥിതനീശോയില്‍ ആശ്രയിച്ച് നമുക്ക് ദയ്റായൂസാ ( താപസിക ജീവിതം) തുടരാം. 

വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

പരിശുദ്ധ സ്ലീവായുടെ തിരുനാളിലുള്ള - കുര്‍ബാനയില്‍ത്തന്നെ ഔദ്യോഗികമായി  ഞങ്ങള്‍ ദയ്റാ ജീവിതം ആരംഭിച്ചു.  എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ദയ്റാ ആവായോടൊപ്പം ഞങ്ങള്‍ ദയ്റാ പട്ടത്തില്‍, കര്‍ത്താവിന്റെ കരുണയാല്‍ പ്രവേശിച്ചവരാണ്. ഈ ദയ്റായാത്രയില്‍ പ്രത്യക്ഷമായോ  പരോക്ഷമായോ സഹായിക്കാന്‍ , മാര്‍തോമ്മാനസ്രായക്കാരോടെല്ലാം വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

വിചാരം

ഈ സഹായ അപേക്ഷകത്ത്‌ എഴുതി അയക്കുന്നതിന് ഉറപ്പിച്ചിരിക്കെ, ഒരാള്‍ക്ക് മരുന്ന്‌ വാങ്ങാനായി പുറത്തു വരെ പോകേണ്ടി വന്നു. പത്ത് വര്‍ഷം പഴക്കമുള്ള ഒരു വണ്ടിയില്‍ ആയിരുന്നു യാത്ര. വണ്ടി, വഴിയുടെ നടുവില്‍ വച്ച് നിന്ന് പോയി. ഒരു നിവൃത്തിയുമില്ല മുന്നോട്ടുപോകാന്‍. ഉന്താന്‍ ആലോചിച്ചു നില്‍ക്കവേ തീരെ പരിചയമില്ലാത്ത ഒരു യുവാവ്‌ വന്നു ചോദിച്ചു.
എന്ത് പറ്റി, വണ്ടിക്ക്‌? ആ യുവാവ് വണ്ടിയുടെ ചിലതൊക്കെ  അഴിച്ചു പണിത്‌ ശരിയാക്കി തന്നു.  പുരോഹിത ഉടുപ്പ് കണ്ടു വന്നതാണ്‌. സഹായിക്കാതിരിക്കാന്‍ മനസ്സ് അനുവദിച്ചില്ല.
ആ നല്ല നസ്രാണിയുടെ പറച്ചില്‍ ഇപ്പോഴും ചെവിയില്‍ ഉണ്ട്. നസ്രായക്കാരെ ശരിയായി പഠിപ്പിച്ചാല്‍ നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യം കൈക്കൊള്ളാന്‍ അവര്‍ തയ്യാറാകും. നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തെക്കുറിച്ച് പലയിടങ്ങളിലും ശരിയായ പഠനം ഇല്ല, പഠിപ്പിക്കല്‍ ഇല്ല എന്നത് ഒരു സങ്കടസത്യമാണ്. ചിലയിടങ്ങളില്‍ നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിന് എതിരായി പഠിപ്പിക്കുന്നു എന്നുള്ളത്,
പുരുഷന്റെ ശത്രുക്കള്അവന്റെ വീട്ടുമക്കള്
എന്നു വര്‍ത്തമാന പുസ്തകത്തിന്‍റെ മുഖവുരയില്‍ കുറിച്ച തോമ്മാക്കത്തനാരുടെ വാക്കുകളെ ഓര്‍മിപ്പിക്കുന്നു.
ദയ്റാക്ക്, പ്രതീക്ഷിക്കാതെ വന്ന സഹായമാണ് മുകളില്‍ കുറിച്ച സംഭവം. നമ്മുടെ സഭയുടെ പുരാതന ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യം വീണ്ടെടുക്കുന്നതിന് സഹായം ചോദിച്ചു കത്തെഴുതിയ പാടെ, അല്മായകൂട്ടരില്‍ നിന്ന് പോലും  തങ്ങളാലാവുന്ന സഹായം ഉണ്ടാകും എന്ന് പ്രകടമാകുന്ന അനുഭവം.

അനുദിനജീവിതത്തിന്റെ കൊച്ചുപ്രവര്‍ത്തികളില്‍ കര്ത്താവിന്റെ ഇടപെടലുകള്‍ കാണാന്‍ കഴിയാത്തവര്‍, അവിടെയും ഇവിടെയും ഓടിനടന്ന് ദൈവാനുഭവം പെട്ടെന്ന് നേടാന്‍ കാറി കൂവി ശ്രമിക്കാറുണ്ട് എന്നത് വേറൊരു വിരോധാഭാസം. (തുടരും...) ഏലീയാ സ്ലീവാ മൂന്നാം  ചൊവ്വാഴ്ച്ച  (27- 09- 2011)

No comments:

Post a Comment