Friday 9 September 2011

തോമായെ തോമസ്സാക്കരുതേ



കപ്പല്‍ തയ്യാര്‍. യാത്ര തുടങ്ങാറായി. കയ്ത്താ ആറാം ബുധനാഴ്ച്ച
,മര്‍ത്ത് മറിയമിന്‍റെ പിറവി ഓര്‍മ്മ ദിനത്തില്‍ സഞ്ചാരത്തിനുള്ള അടുത്ത ഒരുക്കമായി.

 യാത്ര അയക്കാന്‍ ആളില്ല. അന്ന് യൌസെപ്പ് മല്പ്പാനെയും തോമാ കത്തനാരെയും അയയ്ക്കാന്‍ അംഗമാലി നസ്രാണികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നു ആ നാമം പോലും അംഗമാലിയില്‍ ഉപയോഗത്തിലില്ലാതെയായി.

എവിടെയൊക്കെ പോകേണ്ടി വരുമെന്നും അറിയില്ല. തിരിച്ചുവരുമോയെന്നും അറിയില്ല. വലിയ കാറ്റും കോളും ഉണ്ട്. കൂടെ അവനുണ്ട്; നസ്രായ ഈശോ മ്ശിഹാ, എന്നതില്‍ മാത്രം സന്തോഷം. കുര്‍ബാനയായി അവനില്ലായിരുന്നുവെങ്കില്‍ വഞ്ചിയാത്ര നടക്കില്ല.

പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ പിറന്നിട്ട് ഇരുനൂറ്റി എഴുപത്തി അഞ്ചാം വര്‍ഷമായി, ഈലോല്‍ മാസം, പത്താം തീയതിയില്‍. തോമാ കത്തനാര്‍ കുറിച്ച വര്‍ത്തമാനപുസ്തകം മാര്‍തോമാ നസ്രായ സഭയുടെ ചരിത്രമാണ്. തോമാ കത്തനാരുടെ പിറന്നാള്‍ ഇന്നത്തെ നസ്രായരില്‍ ചിലരെങ്കിലും ഓര്‍ത്തതില്‍ സന്തോഷം. അഭിനന്ദനവും. കപ്പല്‍ യാത്രക്ക് കാരണവും ഇത്‌ തന്നെ.

മാറന്‍ വാലാഹന്‍(ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവുമേ) നിനക്ക് സ്തുതി. നിനക്ക് ഇഷ്ടമെങ്കില്‍ ഈ യാത്രയില്‍ നീ കൂട്ടായിരിക്കണമെ. നിന്‍റെ ദാസന്‍ത്തോമാക്കത്തനാര്‍ എഴുതിയതുപോലെ നിന്‍റെ പള്ളിയുടെ വര്‍ത്തമാനങ്ങളെഴുതാന്‍ പാപികളായ ഞങ്ങളെ യോഗ്യരാക്കണമേ. മാര്‍ സ്ലീവായേഉത്ഥിതനീശോയേ, നിനക്ക് സ്തുതി.  നിന്‍റെ നാമമോ, നിന്‍റെ മണവാട്ടിയായ പള്ളിയുടെ നാമമോ വ്രഥാ പ്രയോഗിക്കാന്‍ ഞങ്ങള്‍ക്ക് ഇടവരാതിരിക്കട്ടെ. ബാവായും പുത്രനും റൂഹാദ്ക്കുദ്ശായുമായ സകലത്തിന്റെയും കര്‍ത്താവേ, എന്നേക്കും; ആമേയ്ന്‍.

നമ്മുടെ സഭ സ്വന്തം സുറിയാനി അസ്ഥിത്വം പോലും മറന്നു പോയ, മറന്നു പോകുന്ന, സഭയാണല്ലോ. ഈ വിശുദ്ധ സുറിയാനി പാരമ്പര്യം നിലനിര്‍ത്താനായി തീര്‍ത്ഥാടനം നടത്തിയ ഭിക്ഷു ആണല്ലോ, തോമാ കത്തനാര്‍. പല ജൂബിലിയാചരണങ്ങള് പേരിന് ഇന്ന്    അരങ്ങേറുന്നുണ്ട്. അതുപോലൊന്ന്‌ നടത്താനാണീ ഓര്‍മ്മ എങ്കില്‍, ദയവായി ഇത് പോലൊക്കെ നടത്തി സുറിയാനി സഭയ്ക്ക് ചരമഗീതം പാടരുതേ, എന്നൊരപേക്ഷ.

തോമ്മാക്കത്തനാരുടെ ഓര്‍മ്മ- യോഗത്തിനു കൊടുത്തപ്പേരില്‍  മാര്‍തോമസ്‌ പാ‍റേമ്മാക്കല്‍ എന്ന് കണ്ടു. നമ്മുടെ സുറിയാനിസഭ സങ്കരസഭയായി മാറിയതിന് ആധുനിക കൊച്ചുതെളിവ്‌. സുറിയാനി പാരമ്പര്യം നിലനിര്‍ത്താനായി തീര്‍ത്ഥാടനം നടത്തിയ തോമാ കത്തനാര്‍ക്ക് പോലും കൊടുത്ത പേര് തോമസ്‌. കര്‍ത്താവീശോ പോലും തോമായെ, തോമാ എന്ന് വിളിച്ചിട്ടും കര്‍ത്താവ് സംസാരിച്ച അതേ ഭാഷയില്‍ വിശ്വാസം കൈകൊള്ളാന്‍ ഭാഗ്യം ലഭിച്ച നമ്മള്‍, ഇന്ന് ആ നാമം പോലും മാറ്റി ഇംഗ്ലീഷ് ശൈലിയില്‍ തോമസ്‌ എന്ന് പേര് വിളിച്ച് തോമാ കത്തനാരെ അനുസ്മരിച്ചാല്‍, അത് മരിച്ചലിനു തുല്യമാണ്.

ഒരു പേരില്‍ എന്ത് ഇരിക്കുന്നു എന്ന്, അര്‍ഥം ഇല്ലാത്ത പേരുള്ള പുതിയ തലമുറയിലെ ചിലരും പുരാതന ഭാഷയുടെ അര്‍ഥം അറിയാത്തവരും ചോദിച്ചേക്കാം.

സുറിയാനി അഥവാ ആറാമായ ഭാഷ നമുക്ക് വിശ്വാസ ഭാഷയാണ്. ഈശോമ്ശിഹായും മര്‍ത്ത് മറിയമും ശ്ലീഹരും സംസാരിച്ച, ആ പുണ്ണ്യഭാഷയില്‍ വിശ്വാസം സ്വീകരിക്കാന്‍ കരുണ ലഭിച്ച നമ്മള്‍ അടിസ്ഥാന വിശ്വാസ പേരുകളും പദങ്ങളുമെങ്കിലും സുറിയാനി അഥവാ ആറാമായ ഭാഷയില്‍ നിലനിര്‍ത്തിയില്ലായെങ്കില്‍ നമ്മള്‍, ആ ഭാഷ സംസാരിച്ച ഈശോയെയും ആ ഭാഷയില്‍ വിശ്വാസം നമുക്ക് കൈമാറിയ മാര്‍തോമാ ശ്ലീഹായെയും സുറിയാനി അഥവാ ആറാമായ ഭാഷാ പാരമ്പര്യം നിലനിര്‍ത്താനായി കപ്പല്‍ യാത്ര നടത്തിയ തോമാക്കത്തനാരെയും കളിയാക്കുകയല്ലേ?.

ഇംഗ്ലീഷ് വിവര്‍ത്തനം ആണന്നു പറഞ്ഞ് തോമ്മായെ തോമസ്‌ ആക്കാന്‍ നമുക്ക്‌ അനുവാദം ഉണ്ടോ?. ഒരു ഭാഷയിലെ അടിസ്ഥാന നാമങ്ങള്‍ മാറ്റുന്നത് ശരിയല്ല. ഉദാഹരണം; പാലായെ ഇംഗ്ലീഷ് ഭാഷയില്‍ പാല്‍ എന്നൊ പാലസ് എന്നൊ വിളിക്കുന്നുണ്ടോ?. പാലാ, ഇംഗ്ലീഷ് ഭാഷയിലും പാലാ എന്നല്ലേ വിളിക്കപെടുന്നത്?

ഇടക്കാലത്ത് നിലവില്‍ വന്ന  തെറ്റായ വിവര്‍ത്തന പേരുകള്‍, നിയമപരമായി രാഷ്ട്രം പോലും മാറ്റിയിട്ടും വിശ്വാസ അടിസ്ഥാന പദങ്ങള്‍ അതേ രീതിയില്‍ ഉപയോഗിക്കാന്‍ നാം പഠിച്ചില്ലേ? പുരാതന നാമങ്ങള്‍ മനസ്സിലാക്കി സംസ്ഥാനങ്ങള്‍ പോലും ഇന്നു പുരാതന പേരുകള്‍ തിരികെ എടുക്കുമ്പോള്‍ നമ്മുടെ സഭ എന്തേ, അറിഞ്ഞോ, അറിയാതെയോ, സുറിയാനി അഥവാ ആറാമായ ഭാഷ, വിട്ടിട്ട് വീണ്ടും പോര്‍ച്ചുഗീസ് വത്കരണത്തിന് ഒരുങ്ങുന്നത്?

പറങ്കി പോയിട്ട് നാനൂറ് വര്‍ഷം കഴിഞ്ഞിട്ടും, അവര്, അറിഞ്ഞോ അറിയാതെയോ  വരുത്തി വച്ച പോര്‍ച്ചുഗീസ് വത്കരണം, അവരെക്കാള്‍ വാശിക്ക് നമ്മള്‍ തന്നെ നടുത്തുമ്പോള്‍, ഇങ്ങനെയൊക്കെ, തോമാ കത്തനാരെ ഓര്‍ക്കുന്നത്, എന്തിനുവേണ്ടി തോമാ കത്തനാര്‍ ത്യാഗം നടത്തിയോ, ആ ത്യാഗത്തെ തള്ളിപറയലല്ലയോ?

ഹാപ്പി ഓണം എന്ന് ചിലര്‍ ഇംഗ്ലീഷില്‍ പറയുമ്പോഴും ഓണം എന്ന അടിസ്ഥാന പദം കളഞ്ഞിട്ടില്ല. ഓണത്തെ ആരും ഇംഗ്ലീഷില്‍ ഓണ്‍ എന്നൊ ഓണമസ് എന്നൊ പറഞ്ഞിട്ടില്ല. ഭാഗ്യം.

പതിനാറാം നുറ്റാണ്ട് വരെ തോമാ എന്ന് ഇംഗ്ലീഷില്‍ പോലും  കുറിച്ച കത്തനാര്‍ പാരമ്പര്യം ഉള്ള ഈ സുറിയാനിസഭയില്‍, തോമാ എന്ന ആ നാമത്തില്‍, ഇംഗ്ലീഷില്‍ പോലും അതെ രീതിയില്‍ അറിയപ്പെടുന്ന എത്ര കത്തനാര്മാര്‍ നമുക്ക് ഉണ്ട് എന്ന് ഒന്ന് ചിന്തിക്കുന്നത്, തോമാ കത്തനാര്‍ക്ക്‌ കൊടുക്കുന്ന നല്ലൊരു അനുസ്മരണമായിരിക്കും.

ഇത്രയും നാള്‍ ചരിത്രത്തിലെങ്കിലും തോമാ കത്തനാര്‍ എന്നുള്ള സുറിയാനി വിളിപ്പേരുണ്ടായിരുന്നു. അനുസ്മരണം  നടത്തി ആ  സുറിയാനിപ്പേരും കുടെ കളയരുതേ.

നമ്മുടെ ഒക്കെ പേരുകള്‍ ഭാഷയ്ക്കനുസരിച്ച് മാറുന്നില്ലല്ലോ. പേരിന്‍റെ അല്പം പോലും മാറിയാല്‍ നമുക്ക് ഇഷ്ടപ്പെടില്ല. എന്നിട്ട് നാം ഈശോയെ ജീസസ്‌ ആക്കി,പിന്നെ യേശുവാക്കി, മറിയമിനെ മേരിയാക്കി, തോമായെ തോമസാക്കി. കര്‍ത്താവീശോ സംസാരിച്ച ഭാഷയില്‍, മേല്‍പ്പറഞ്ഞ വിശുദ്ധ നാമങ്ങള്‍, എല്ലാ ഭാഷയിലും അറിയപ്പെടു ന്നതല്ലേ ഭേദം.

ഇംഗ്ലീഷ് മോശമാണന്നല്ല അര്‍ത്ഥം. എല്ലാ ഭാഷയും നല്ലത് തന്നെ.എന്നാല്‍ നമുക്ക്‌ വിശ്വാസഭാഷ മുഖ്യമാണ്. ആരാധനാക്രമത്തില്‍ വരുമ്പോള്‍ വിശ്വാസഭാഷയ്ക്ക് ചേര്‍ന്ന വിധത്തില്‍ മറ്റു ഭാഷാനാമങ്ങള്‍ പോലും ഉച്ചരിച്ചുകൊണ്ടിരിക്കുന്ന പുരാതന രീതി നിലനില്‍ക്കവെ, കേവല വിവര്‍ത്തനം ചെയ്യുന്ന വേളയില്‍ പോലും വിശ്വാസഭാഷയിലെ അടിസ്ഥാന പദങ്ങള്‍, തനത് ഉച്ചാരണ രീതിയില്‍ നിന്ന് മാറ്റി പ്രയോഗിക്കുന്നത് ശരിയല്ലല്ലോ.

ഓണത്തെ, ഓണം എന്ന് ഇംഗ്ലീഷിലും വിളിക്കുന്ന രീതിയാണ്‌ ശരിയെങ്കില്‍ എന്തുകൊണ്ട് ഈശോ, മറിയം, തോമാ എന്നീ നാമങ്ങള്‍ ഇംഗ്ലീഷിലും അതുപോലെ വിളിക്കാന്‍  മടിക്കുന്നു? അതല്ലേ നമുക്ക് അര്‍ത്ഥവത്തായത്. 

ബോംബയെ മുംബയ് ആക്കി, ഒറിസ്സായെ ഒടീശയാക്കി,
രാഷ്ട്രം പോലും പുരാതന ഭാഷയുടെ അര്ത്ഥം മനസ്സിലാക്കി, നഷ്ടപ്പെട്ടതിനെ തിരികെ എടുക്കുമ്പോള് തൊന്നൂറ്റിഒന്പത് പുരാതന ആറാമായ അഥവാ സുറിയാനിപ്പേരുകളും നഷ്ടപ്പെടുന്ന വിധത്തില്‍,  നാം പെരുമാറുന്നത് നല്ലതാണോ എന്ന് ചിന്തിച്ചാല്‍, അതായിരിക്കും തോമാ കത്തനാരെ തോമസ് എന്ന് വിളിക്കാന് ധയ്ര്യം കാട്ടുന്ന  നമുക്കുള്ള പരിഹാരം. തോമാ കത്തനാര്ക്ക് നല്കാവുന്ന നല്ല ഓര്മ്മയും ഇതായിരിക്കും.

മാര്‍തോമസ്‌ പാ‍റേമ്മാക്കല്‍ എന്നല്ല വിളിക്കേണ്ടത്. മാര്‍ എന്ന പേരെങ്കിലും കളയാഞ്ഞതിനു നന്ദി.  മാര്‍തോമാ പാ‍റേമ്മാക്കല്‍ എന്ന്‍ പറഞ്ഞ് സുറിയാനി സഭയുടെ സഞ്ചാരിയെ നമുക്ക് ബഹുമാനിക്കാം. വീട്ടുപേര് പോലും വേണമെന്നില്ല; മാര്‍തോമാ ശ്ലീഹായുടെ പിന്‍ഗാമിയാകാന്‍ യോഗ്യതയുള്ള തോമ്മാക്കത്തനാര്‍ക്ക്‌. ഇനി എന്ന് കാണും ഈ സുറിയാനി സഭയില്‍, തോമാ എന്ന്‍ എല്ലാ ഭാഷയിലും വിളിക്കപ്പെടാന്‍ തയ്യാറാകുന്ന ഒരു മേല്പട്ടക്കാരന്‍. ഇനി, മാര്‍തോമാ ശ്ലീഹായെ മാര്‍തോമസ്‌ ശ്ലീഹാ എന്നാക്കരുതേ. സീറോ മലബാര്‍ സഭയുടെ നാമം മാറാന്‍ പോകുമ്പോള്‍, ചര്‍ച്ച് ഓഫ് സെന്റ്‌ തോമസ്‌ ക്രിസ്ത്യന്‍സ് എന്നൊന്നും ആക്കി ഈ സുറിയാനി സഭയെ കളിയാക്കരുതേ. പേര് നല്കുന്നുണ്ടകില്‍ മാര്‍തോമാ നസ്രായ സഭ എന്നിടുക. മാര്‍തോമ്മാ കാട്ടിയ മാര്‍ഗ്ഗത്തില്‍ നാം ഉത്ഥിതനീശോയുടെ അനുയായികളായ നസ്രായക്കാര്‍.

ഓര്‍ക്കണം; ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നില്‍ റോമായില്‍ നിന്നിറക്കിയ വര്‍ത്തമാന പുസ്തക വിവര്‍ത്തനത്തില്‍ ഗ്രന്ധകാരന്‍റെ പേര്‍ നല്‍കിയിരിക്കുന്നത് cathanar Thomman Paremmakkal എന്നാണ്. അന്നെങ്കിലും അവര്‍ക്ക്‌ നമ്മുടെ സുറിയാനി നാമങ്ങളോട്  തോന്നിയ ബഹുമാനം ഇന്നെങ്കിലും നമ്മുക്ക്‌ തോന്നെണ്ടേ?.  

നമ്മുടെ ഈശോ, തോമായെ വിളിച്ച അതെ ഉച്ചാരണത്തില്‍ തന്നെ, എല്ലാ ഭാഷയിലും നമുക്കും അപ്പനെ വിളിക്കാം. അപ്പനുള്ള നാമം മാറ്റാന്‍ നമ്മള്‍ ആരാണ്? ഈശോയും തോമായും തന്ന  സുറിയാനി അഥവാ ആറാമായ ഭാഷയില്‍, ഈശോയെന്നും തോമ്മായെന്നും എല്ലാ ഭാഷയിലും വിളിക്കാന്‍ നമുക്ക് പറ്റുന്നില്ലേല്‍ എന്ത് സുറിയാനി സഭയാണ് നമ്മള്‍?

അന്ന് തോമ്മാ കത്തനാര്‍ പോര്‍ച്ചുഗീസില്‍ നിന്ന് സഭയെ വീണ്ടെടുക്കാന്‍ ശ്ര്യെമിച്ചതിന്, ഇന്നു ആ തോമ്മായെ പോര്‍ച്ചുഗീസ് രീതിയില്‍, പടത്തില്‍, ഉടുപ്പും തൊപ്പിയും നല്‍കി, വണങ്ങുന്നതും ചതിയല്ലേ? സുറിയാനി സഭയ്ക്ക് ഇല്ലേ, ഈ സഭയുടെ ലാളിത്യരീതിയില്‍ നല്കാന്‍ ഒരുടുപ്പും മുടിയും?.

വീണ്ടുമൊരു കപ്പല്‍ യാത്ര വേണം. വീണ്ടുമൊരു വര്‍ത്തമാന പുസ്തകം വേണം, കപ്പലാകുന്ന സഭയില്‍ നിന്ന് കൊണ്ടുതന്നെ പ്രാര്‍ത്ഥിച്ചും ഉപവസിച്ചും ദാനധര്‍മം ചെയ്തും അദ്ധ്വാനിച്ചും ഭാരം വഹിച്ചും വര്‍ത്തമാന പുസ്തകം സമര്‍പ്പിക്കുന്നു.

ആരോടും ശത്രുതയില്ല. ആരെയും തോല്പിക്കണം എന്ന ചിന്തയും ഇല്ല. ഏതെങ്കിലും ചേരിയില്‍ കൂടാനോ, ചേരി തുടങ്ങാനോ ഞങ്ങളില്ല. ഒരു കാലത്തില്‍ നടന്ന പോര്‍ച്ചുഗീസ് രീതിയുടെ പേരും പറഞ്ഞ് ആരെയും കുറ്റപ്പെടുത്താനുമില്ല. എന്നാല്‍ നാം മാറണം, ആദിമ സുറിയാനി രീതിയിലേക്ക്. സത്യം എഴുതുമ്പോള്‍ വേദന ഉണ്ടാവും. അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹമില്ല.

കല്ലെറിയപ്പെടും എന്ന് പേടിയില്ല. ഈശോ വളരട്ടെ. നമ്മള്‍ കുറയപ്പെടട്ടെ. ഈശോയുടെ ശ്ലയ്ഹിക സഭ വളരട്ടെ. നമ്മള്‍ കുറയപ്പെടട്ടെ.

ഈ കപ്പല്‍ യാത്രയില്‍ ഞങ്ങളുടെ ശിരസ്സുകള്‍ അറക്കപ്പെടുമെന്ന് അറിയാം. എന്നാലും ഈ കപ്പല്‍ തിരികെ എത്തിക്കാന്‍ ഒരാളെങ്കിലും കാണപ്പെടും എന്നുറപ്പുണ്ട്. കാലാകാലങ്ങളില്‍ കപ്പല്‍ യാത്ര ചെയ്യാന്‍ തോമ്മാശ്ലീഹായുടെ, തോമ്മാകത്തനാര്‍മാരുടെ നാമ ധാരികള്‍ വരും.

കയ്ത്ത ആറാം വെള്ളി. മാര്‍ ശെമ്ഓന്‍ ബര്‍സ്ബായുടെയും ശിഷ്യരുടെയും ദുഖ്‌റാനാ (ഓര്‍മ്മ). സഹ്ദാമാരുടെ- രക്തസാക്ഷികളുടെ- ഓര്‍മ്മയില്‍ വര്‍ത്തമാന പുസ്തക സമര്‍പ്പണം.

കപ്പല്‍ യാത്ര തുടങ്ങും മുമ്പ്‌ ഒരു പദയാത്ര ഉണ്ട്.ഒരു കത്തനാരെ കാണാനുണ്ട്; മലയില്‍ ചെന്ന്. കൂട്ടിന് കുര്‍ബാനയായി വരുന്നവനെ കൈകൊള്ളാന്‍ കുര്‍ബാനയില്‍ പങ്കെടുക്കണം. ഞങ്ങള്‍ നഗ്ന പാദകരായി നടപ്പ് തുടങ്ങി. (തുടരും...)  

No comments:

Post a Comment