Sunday 11 September 2011

Mar Sleeva (Risen Isho) will come again.വീണ്ടും വരുവാനിരിക്കുന്ന മാര്‍സ്ലീവാ (ഉത്ഥിതനീശോ)


വീണ്ടും വരുവാനിരിക്കുന്ന മാര്‍സ്ലീവാ (ഉത്ഥിതനീശോ).


ഈശോ മ്ശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ഇന്നലെ വൈകുന്നേരം മുതല്‍ ഏലിയാ സ്ലീവാക്കാലം  ആരംഭിച്ചു. വീണ്ടും വരുവാനിരിക്കുന്ന മാര്‍സ്ലീവായെ (ഉത്ഥിതനീശോയെ) ധ്യാനിച്ച് ജീവിക്കേണ്ട കാലം. ഇന്നലെ വൈകുന്നേരം പള്ളിയില്‍ റമ്ശാ ശുശ്രുഷ ഉണ്ടായിരുന്നു . റമ്ശാ ശുശ്രുഷക്ക് പങ്കെടുത്ത് പരിശുദ്ധ കുര്‍ബാനക്ക് ഒരുങ്ങുന്ന പാരമ്പര്യം നസ്രാണികളായ നമ്മുക്ക് ഉണ്ടായിരുന്നു. നല്ലതൊക്കെ കളയാന്‍ എളുപ്പമാണല്ലോ.


നമ്മുടെ പള്ളികളില്‍ പണ്ട്, കൂദാശകളും യാമ ശുശ്രൂഷകളുമായിരുന്നു  പ്രധാനമായ  പ്രാത്ഥനകള്‍. ആദ്യ കാലത്ത്,  ഇവിടെയുള്ള നസ്രാണികള്‍ക്കെല്ലാം  ആറാമായ അഥവാ സുറിയാനി ഭാഷ നന്നായ്‌ അറിയാമായിരുന്നു. കാരണം അന്ന് ഈ ഭാഷാ വാണിജ്യ ഭാഷയായിരുന്നു. ആറാമായ സംസാരിക്കുന്ന യൂദരുടെ വാണിജ്യകൂട്ടങ്ങള്‍ കൊണ്ട് നമ്മുടെ കേരള ഇടങ്ങള്‍ നിറഞ്ഞിരുന്നു. ഇന്ന് ഇംഗ്ലീഷ് പൊതുസംസാര ഭാഷയായി നില്‍ക്കുന്നത് പോലെ അന്ന് ആറാമായാ സംസാര ഭാഷയായിരുന്നു.


ആറാമായാ സംസാരിക്കുന്ന യൂദര്‍ പാര്‍ത്തിരുന്ന വാണിജ്യ ഇടങ്ങളിലാണല്ലോ,  ആറാമായാ സംസാരിക്കുന്ന  യൂദനായ  മാര്‍തോമാശ്ലീഹായാല്‍ മിക്ക പള്ളികളും രൂപീക്രതമായത്. കേരളത്തിലെയും  ആദ്യകാല നസ്രാണികള്‍ യൂദര്‍ തന്നെ. യൂദാ വംശത്തില്‍പ്പിറന്ന ഈശോ അറിയിച്ച മാര്‍ഗ്ഗം, യൂദാ വംശത്തില്‍പ്പെട്ട തോമാശ്ലീഹായ്‌ക്ക്, കേരളത്തിലുള്ള യൂദര്‍ വഴി വളര്‍ത്തുക എളുപ്പമായിരുന്നു. മാര്‍ഗ്ഗമായ ഈശോ സംസാരിച്ച ഭാഷ, മാര്‍ഗ്ഗം കാട്ടിയ നമ്മുടെ ബാവാ-തോമാ സംസാരിച്ച  ഭാഷ, വെളിപാടിന്റെ ഭാഷ, വിശ്വാസ ഭാഷ, എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന, ആറാമായ (സുറിയായാ) ഭാഷയെ, ബഹുമാനത്തോടെ നമ്മുടെ പൂര്‍വികര്‍ കണ്ടിരുന്നു; പഠിച്ചിരുന്നു, എന്നതിന് തോമാ കത്തനാര്‍ എഴുതിയ വര്‍ത്തമാന പുസ്തകം തന്നെ സാക്ഷി.


ആയിരത്തി അറുനൂര്‍ വര്‍ഷങ്ങങ്ങള്‍  നമ്മുടെ നസ്രായാ പള്ളി (സഭ),  ആറാമായ (സുറിയായാ) ഭാഷയില്‍ പ്രാര്‍ത്ഥിച്ചിരുന്നു, വിശ്വാസം പഠിച്ചിരുന്നു എന്നതില്‍ നാം അഭിമാനിക്കണം.


പോര്‍ച്ചുഗീസ്കാര്‍  വന്നാണ് ആറാമായ (സുറിയായാ) ഭാഷാ പഠനം നിര്‍ത്തലാക്കിയത്. ആദ്യ കാലത്ത്‌ അവര്‍, പാശ്ചാത്യാ  ആരാധനക്രമങ്ങള്‍ നമ്മള്‍ അംഗീകരിക്കാന്‍, നമ്മള്‍ ഇഷ്‌ടപ്പെടാന്‍, ആറാമായ (സുറിയായാ) ഭാഷയില്‍ ആക്കിതന്നു. തുടര്‍ന്ന്‍ ആറാമായ (സുറിയായാ) ഭാഷാ പഠനം നിര്‍ത്തലാക്കി. അതോടെ, ആറാമായ (സുറിയായാ) ഭാഷാ, കേരളീയ നസ്രായക്കാര്‍ക്ക് കേവലം ചൊല്ലല്‍ മാത്രമായി. പോര്‍ച്ചുഗീസ്കാര്‍  വിജയിച്ചു.


നാന്നൂര്‍ വര്‍ഷങ്ങള്‍ കടന്നുപോയി. പോര്‍ച്ചുഗീസ്   വത്കരണത്തില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തില്‍, നമ്മുടെ ആറാമായ (സുറിയായാ) ആരാധനക്രമം പുനരുദ്‌ധരിച്ചപ്പോള്‍, ആറാമായ (സുറിയായാ) ഭാഷാ കേവലം ചൊല്ലാന്‍ മാത്രം അറിയുന്ന, അങ്ങനെ ആക്കപ്പെട്ട, അന്നത്തെ  കേരളീയ നസ്രായക്കാരുടെ സ്ത്ഥിവിശേഷത്തെ തെറ്റിദ്ധരിച്ചു, മലയാളത്തിലേക്ക് സാവധാനം,  നമ്മുടെ ആറാമായ (സുറിയായാ) ആരാധനക്രമം വിവര്‍ത്തനം ചെയ്യപ്പെട്ടു.


നാന്നൂര്‍ വര്‍ഷങ്ങള്‍  കഴിഞ്ഞുള്ള,ആദ്യകാല പുനരുദ്‌ധരിക്കപ്പെട്ട പ്രാര്‍ത്ഥന പുസ്തകങ്ങളില്‍, നമ്മള്‍, പോര്‍ച്ചുഗീസ്   വത്കരിക്കപ്പെട്ട നസ്രായക്കാരാ യിരുന്നിട്ടും, അടിസ്ഥാന വിശ്വാസ പദങ്ങള്‍ നമ്മുടെ ആറാമായ (സുറിയായാ) ഭാഷയില്‍ത്തന്നെ നിലനിര്‍ത്തി. എന്നാല്‍ മുന്നോട്ട് പോകുന്തോറും ആറാമായ (സുറിയായാ), ശ്ലയിഹിക പാരമ്പര്യത്തില്‍ നിന്ന്‍ അകലുന്ന, ഇന്നത്തെ   പോര്‍ച്ചുഗീസ്   വത്കരിക്കപ്പെട്ട നസ്രായക്കാരായ നമ്മളെ ആണ് ചരിത്രം കണ്ടുമുട്ടുന്നത്. അത്രമാത്രം നമ്മള്‍ കര്‍ത്താവിന്‍റെ, തോമാ വഴി കൈമാറികിട്ടിയ ആറാമായ (സുറിയായാ) ആദിമ ചൈതന്യത്തില്‍ നിന്നും അകന്നുകഴിഞ്ഞു.
കര്‍ത്താവീശോയേ, ക്ഷമിക്കണമേ.

തുടരും....
ഏലീയാ സ്ലീവാ ഒന്നാം ഞായറാഴ്ച്ച. (11- 09- 2011).

2 comments: