Tuesday 27 September 2011

എന്ത് പറ്റി, വണ്ടിക്ക്‌ ?



 ܟܬ݂ܵܒ݂ ܩܵܐܹܡ   (വര്‍ത്തമാന പുസ്തകം)    അഞ്ചാം പാദം  
  
ഈശോമ്ശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ദയ്റാ
ദയ്റായിലെ ആവാ, ഞങ്ങളോട് ദയ്റായില്‍ താമസിക്കാന്‍ പറഞ്ഞു. ദയ്റായെക്കുറിച്ച്  കുറച്ചേറെ പറയാനുണ്ട്‌. അത് പിന്നീടു പറയാം. നാല് വര്‍ഷമായി ദയ്റാ ജീവിതചര്യയിലാണ് ഞങ്ങളും . ദയ്റാ ജീവിത ശൈലിയില്‍, ദയ്റായില്‍ കഴിഞ്ഞുകൊണ്ട് ദയ്റായെ നയിക്കുന്ന  തലവനെ വിളിക്കുന്ന ഒരു പേരാണ് ദയ്റാ ആവാ എന്നുള്ളത്.

പരിശുദ്ധ സ്ലീവായുടെ തിരുനാള്‍.

ഈലോല് (സെപ്റ്റംബര്‍) മാസം പതിമൂന്നാം തീയതിയില്‍ കൊണ്ടാടുന്ന കന്തീശാ (പരിശുദ്ധ) സ്ലീവായുടെ ഏദാ (തിരുനാള്‍) പ്രമാണിച്ചുള്ള  റമ്ശാ ശുശ്രുഷയില്‍ ഞങ്ങളും പങ്കെടുത്തു. പതിവ്‌ പോലെ അന്നും ഏഴ് നേര യാമശുശ്രുഷകള്  ദയ്റായില്‍ ഉണ്ടായിരുന്നു. മാര്‍ സ്ലീവായുടെ  കണ്ടെടുക്കല്‍ തിരുനാള്‍, എന്നാണിത്, അറിയപ്പെട്ടുകൊണ്ടിരുന്നത്.

ഹുദ്റാ

സ്ലീവാ കണ്ടെത്തിയതിന്റെ ആഘോഷമായിരുന്നു, ആദ്യകാലത്ത് ഈ തിരുനാള്‍. നമ്മുടെ സഭയുടെ ഔദ്യോഗികപ്രാര്‍ത്ഥനകള്‍ അടങ്ങിയിരിക്കുന്ന ആറാമായാ (സുറിയാനി - സുറിയായാ) ഭാഷയിലുള്ള ഹുദ്റാ എന്ന ഗ്രന്ഥത്തിലും പതിമൂന്നാം തീയതിയിലാ ണ് ഈ തിരുനാള്‍ കൊടുത്തിരിക്കുന്നത്.

ചരിത്രപരം

സ്ലീവായുടെ മഹത്വത്തെ കീര്‍ത്തിച്ചുകൊണ്ട് തുടര്‍ന്നുവന്ന ദിവസത്തില്‍ നടത്തിയിരുന്ന രീതികളെത്തുടര്‍ന്ന് പതിനാലാം തീയതി സ്ലീവായുടെ പുകഴ്ച്ചയുടെ തിരുനാളായി പ്രചരിക്കപെട്ടതായിരിക്കാം. ഏതായാലും സ്ലീവാ കണ്ടെത്തിയതാണല്ലോ ഈ തിരുന്നാളിന്റെ മൂലകാരണം. നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) ഭാഷയിലുള്ള ഹുദ്റാ എന്ന ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന പ്രകാരം പതിമൂന്നാം തീയതി ഈ തിരുന്നാള്‍ ആഘോഷിക്കുന്നതാണ്, ചരിത്രപരമായിപ്പോലും അര്‍ത്ഥവത്തായത്.

കാലാ ദ്ശഹ്റാ

പതിമൂന്നാം തീയതി രാവിലെ മൂന്ന്‍ മണിക്കത്തെ കാലാ ദ്ശഹ്റാ ശുശ്രൂഷക്ക് ( വെളുപ്പാന്‍കാല സ്തുതിപ്പ്‌ശുശ്രുഷാ) ശേഷം പരിശുദ്ധ കുര്‍ബാന ശുശ്രൂഷയായിരുന്നു. വലിയ മഴയുള്ള  സമയമായിരുന്നു, ആ വെളുപ്പാന്‍കാലം .

ഈശോയുടെ ഭാഷ

നമ്മുടെ കര്‍ത്താവ് ഈശോയുടെ ഭാഷയായ ആറാമായ അഥവാ സുറിയാനി ഭാഷയിലായിരുന്നു, ദയ്റാ ആവാ കുര്‍ബാന ചൊല്ലിയത്. ശുശ്രുഷാപട്ടപ്രകാരം ഞങ്ങളും കുര്‍ബാനയില്‍ പങ്കാളികളായി.
ദയ്റാ ആവാ കുര്‍ബാനക്കിടയിലെ പ്രഘോഷണത്തില്‍ പറഞ്ഞ ചില ആശയങ്ങള്‍ കുറിക്കട്ടെ.

നസ്രായ ചെയ്തികളുടെ എല്ലാം മാനദണ്ഡം.

അമ്മാഓസ് യാത്രയില്‍ ഉത്ഥിതനീശോ ശിഷ്യന്മ്മാരുടെ കൂടെ യാത്ര ചെയ്തു. ആ യാത്രയില്‍ തന്നെതന്നെ കുര്‍ബാനയായി അവന്‍ അവര്‍ക്ക്‌ വെളിപെടുത്തി. ഇപ്പോള്‍ കുര്‍ബാനയായ ഉത്ഥിതനീശോ നമ്മുടെ കൂടെ ഉണ്ട്. അവന് ഇഷ്ടപെട്ട യാത്രയാണ്, ദയ്റാ യാത്ര. ഈ യാത്ര ക്ലേശകരമാണ്. ഉത്ഥിതനീശോയെ ധ്യാനിച്ചില്ലേല്‍, ക്ലേശകരമായ ദയ്റാ യാത്രയില്‍ പിടിച്ചുനില്‍ക്കാനാവില്ല. ഒറ്റപെടും, തെറ്റിദ്ധരിക്കപ്പെടും, സ്വന്തക്കാര്‍ പോലും വട്ടന്മ്മാര്‍ എന്ന് നമ്മെ വിളിച്ചെന്നുവരും. എപ്പോഴും വിചാരിക്കുക; നമ്മുടെ ആദിമ ആറാമായാ (സുറിയായാ - സുറിയാനി) പള്ളിക്കനുസരിച്ചാണോ നാം നീങ്ങുന്നതെന്ന്. അതായിരിക്കട്ടെ നസ്രായ ചെയ്തികളുടെ എല്ലാം മാനദണ്ഡം.

താപസികശൈലിയാണ്, മറ്റ് വാക്കില്‍  ദയ്റാ

1600 വര്‍ഷങ്ങളിലായി  നമുക്കുണ്ടായിരുന്നതും 400 വര്‍ഷങ്ങളിലെ പോര്‍ച്ചുഗീസ് വത്ക്കരണത്തിലൂടെ നഷ്ടപ്പെട്ടതുമായ, നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തില്‍ ഇന്ന് നമ്മള്‍ ജീവിക്കാന്‍, ആ ചൈതന്യത്തിലേക്ക് നമ്മുടെ ഇന്നത്തെ  നസ്രായക്കാരെ എല്ലാം ക്ഷണിക്കുവാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ഉപവാസവും പ്രാര്‍ത്ഥനയും അദ്ധാനവും ഭാരം വഹിക്കലും ഒത്തുചേരുന്ന ആദിമ താപസികശൈലിയാണ്, മറ്റ് വാക്കില്‍  ദയ്റാ ജീവിതശൈലിയാണ്.

വിശുദ്ധ പാരമ്പര്യത്തിന്റെ അടിത്തറ

നമ്മുടെ നസ്രായാ ചൈതന്യം  വീണ്ടെടുക്കുന്നതില്‍,  പ്രബന്ധ അവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒക്കെ  ഏറെ പരിമിതികളുണ്ട്. നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിന്റെ അടിത്തറ, ആരാധനക്രമത്തിലാണ്.  അവിടെയാണല്ലോ നാം നമ്മുടെ മാര്‍ഗ്ഗത്തിന്റെ മൂലകാരണമായ നസ്റായാ ഈശോമ്ശിഹായെ അവന്‍റെ വെളിപാടുപ്രകാരം കണ്ടുമുട്ടുന്നത്.

ഏച്ചുവെച്ചാല്‍ മുഴച്ചിരിക്കും

പോര്‍ച്ചുഗീസ് വത്കരിക്കപ്പെട്ടതും ആധുനികവുമായ ലോലഭക്ത്യാഭ്യാസങ്ങളുടെ ഇടയില്‍ ഞെരുക്കപെട്ട  അവസ്ഥയിലാണ്, ഇന്ന്‍, നമ്മുടെ ആരാധനക്രമം. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും ചേര്‍ന്നുള്ള സമീപനമല്ലേല്‍  ആരാധനക്രമനവോത്ഥാനത്തിന് പകരം ഉറവിടങ്ങളില്‍ നിന്നകന്നതും ഏച്ചുവെച്ചാല്‍ മുഴച്ചതുമായ ആരാധനക്രമനവീകരണങ്ങള്‍ ഉണ്ടാകും. അതെത്തുടര്‍ന്ന് തെറ്റിദ്ധാരണകളും. ഇന്ന് ഇതൊക്കെ സംഭവിക്കുന്നുണ്ടല്ലോ.

പോര്‍ച്ചുഗീസ് വത്കരിക്കപെട്ട – നമ്മള്‍

അന്ന് പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ വിദേശയാത്രകള്‍ വേണ്ടിയിരുന്നെങ്കില്‍, ഇന്നു വേണ്ടത്, പോര്‍ച്ചുഗീസ് വത്കരിക്കപെട്ട – നമ്മുടെയിടയില്‍തന്നെ, നിലനില്‍ക്കുന്ന  സ്വാധീനങ്ങളില്‍ നിന്നുള്ള മോചനമാണ്. ഇത്തരുണത്തില്‍, നമ്മുടെയിടയില്‍തന്നെ  വിശ്വാസത്തോടും  സ്നേഹത്തോടും ഉപവാസത്തോടും പ്രാര്‍ത്ഥനയോടും ചേര്‍ന്നുള്ള താപസികയാത്രയാണ്  വേണ്ടത്. അതാണ് നവ കപ്പല്‍ യാത്ര. അതാണ് ദയ്റാ യാത്ര.

നന്ദിയോടെ നമുക്കോര്‍ക്കാം.

പോര്‍ച്ചുഗീസ് വത്ക്കരണത്തില്നിന്ന്, മാര്‍തോമാനസ്രാണികളെ മോചിപ്പിച്ച്, തങ്ങളുടെ  പുരാതന  പൌരസ്ത്യ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിലേക്ക്‌  തിരികെക്കൊണ്ടുവരാന്‍, കര്‍ത്താവിന്റെ ദാസര്‍ യൌസെപ്പ് മല്പ്പാനും തോമ്മാ കത്തനാരും നടത്തിയ സാഹസികമായ കപ്പല്‍ യാത്രയെ നന്ദിയോടെ നമുക്കോര്‍ക്കാം.

ദയ്റാക്രമം

നമുക്കേറെ സന്യസ്ത സമൂഹങ്ങള്‍ ഉണ്ടെങ്കിലും, ആദിമകാലത്ത് എല്ലാ സഭകളിലും ഉണ്ടായിരുന്നതും,  നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിന്റെ മുഴുവന്‍ സവിശേഷതകളും ഉള്‍കൊള്ളുന്നതുമായ  താപസിക ജീവിതശൈലി അഥവാ ദയ്റാക്രമം  നമുക്ക് ഇന്നില്ലല്ലോ.

പദവികള്‍ക്കും പേരിനും പെരുമയ്ക്കും

ദയ്റാ അടിത്തട്ടിലാണ് നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യം വളര്‍ന്നത്‌. ദയ്റാ അടിത്തറ പോഷിപ്പിക്കാതെ, നമ്മുടെ ആദിമ രീതി വളര്‍ത്തികൊണ്ടുവരാനാവില്ല. താപസിക ജീവിതശൈലിയില്‍  അഥവാ ദയ്റാക്രമത്തില്‍ പദവികള്‍ക്കും പേരിനും പെരുമയ്ക്കും വേണ്ടിയുള്ള ഓട്ടമില്ലാത്തതിനാല്‍, ഇങ്ങോട്ട് (ദയ്റാപ്പട്ടത്തിന്) ആള്‍ക്കാര്‍ കുറവാണ്‌.

ദയ്റായ പട്ടക്കാരാകാന്‍ വിളിക്കപ്പെട്ട പ്രിയപ്പെട്ട മക്കളേ, യഥാര്‍ത്ഥ ദയ്റായക്കാരനായ ഉത്ഥിതനീശോയില്‍ ആശ്രയിച്ച് നമുക്ക് ദയ്റായൂസാ ( താപസിക ജീവിതം) തുടരാം. 

വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

പരിശുദ്ധ സ്ലീവായുടെ തിരുനാളിലുള്ള - കുര്‍ബാനയില്‍ത്തന്നെ ഔദ്യോഗികമായി  ഞങ്ങള്‍ ദയ്റാ ജീവിതം ആരംഭിച്ചു.  എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ദയ്റാ ആവായോടൊപ്പം ഞങ്ങള്‍ ദയ്റാ പട്ടത്തില്‍, കര്‍ത്താവിന്റെ കരുണയാല്‍ പ്രവേശിച്ചവരാണ്. ഈ ദയ്റായാത്രയില്‍ പ്രത്യക്ഷമായോ  പരോക്ഷമായോ സഹായിക്കാന്‍ , മാര്‍തോമ്മാനസ്രായക്കാരോടെല്ലാം വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

വിചാരം

ഈ സഹായ അപേക്ഷകത്ത്‌ എഴുതി അയക്കുന്നതിന് ഉറപ്പിച്ചിരിക്കെ, ഒരാള്‍ക്ക് മരുന്ന്‌ വാങ്ങാനായി പുറത്തു വരെ പോകേണ്ടി വന്നു. പത്ത് വര്‍ഷം പഴക്കമുള്ള ഒരു വണ്ടിയില്‍ ആയിരുന്നു യാത്ര. വണ്ടി, വഴിയുടെ നടുവില്‍ വച്ച് നിന്ന് പോയി. ഒരു നിവൃത്തിയുമില്ല മുന്നോട്ടുപോകാന്‍. ഉന്താന്‍ ആലോചിച്ചു നില്‍ക്കവേ തീരെ പരിചയമില്ലാത്ത ഒരു യുവാവ്‌ വന്നു ചോദിച്ചു.
എന്ത് പറ്റി, വണ്ടിക്ക്‌? ആ യുവാവ് വണ്ടിയുടെ ചിലതൊക്കെ  അഴിച്ചു പണിത്‌ ശരിയാക്കി തന്നു.  പുരോഹിത ഉടുപ്പ് കണ്ടു വന്നതാണ്‌. സഹായിക്കാതിരിക്കാന്‍ മനസ്സ് അനുവദിച്ചില്ല.
ആ നല്ല നസ്രാണിയുടെ പറച്ചില്‍ ഇപ്പോഴും ചെവിയില്‍ ഉണ്ട്. നസ്രായക്കാരെ ശരിയായി പഠിപ്പിച്ചാല്‍ നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യം കൈക്കൊള്ളാന്‍ അവര്‍ തയ്യാറാകും. നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തെക്കുറിച്ച് പലയിടങ്ങളിലും ശരിയായ പഠനം ഇല്ല, പഠിപ്പിക്കല്‍ ഇല്ല എന്നത് ഒരു സങ്കടസത്യമാണ്. ചിലയിടങ്ങളില്‍ നമ്മുടെ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിന് എതിരായി പഠിപ്പിക്കുന്നു എന്നുള്ളത്,
പുരുഷന്റെ ശത്രുക്കള്അവന്റെ വീട്ടുമക്കള്
എന്നു വര്‍ത്തമാന പുസ്തകത്തിന്‍റെ മുഖവുരയില്‍ കുറിച്ച തോമ്മാക്കത്തനാരുടെ വാക്കുകളെ ഓര്‍മിപ്പിക്കുന്നു.
ദയ്റാക്ക്, പ്രതീക്ഷിക്കാതെ വന്ന സഹായമാണ് മുകളില്‍ കുറിച്ച സംഭവം. നമ്മുടെ സഭയുടെ പുരാതന ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യം വീണ്ടെടുക്കുന്നതിന് സഹായം ചോദിച്ചു കത്തെഴുതിയ പാടെ, അല്മായകൂട്ടരില്‍ നിന്ന് പോലും  തങ്ങളാലാവുന്ന സഹായം ഉണ്ടാകും എന്ന് പ്രകടമാകുന്ന അനുഭവം.

അനുദിനജീവിതത്തിന്റെ കൊച്ചുപ്രവര്‍ത്തികളില്‍ കര്ത്താവിന്റെ ഇടപെടലുകള്‍ കാണാന്‍ കഴിയാത്തവര്‍, അവിടെയും ഇവിടെയും ഓടിനടന്ന് ദൈവാനുഭവം പെട്ടെന്ന് നേടാന്‍ കാറി കൂവി ശ്രമിക്കാറുണ്ട് എന്നത് വേറൊരു വിരോധാഭാസം. (തുടരും...) ഏലീയാ സ്ലീവാ മൂന്നാം  ചൊവ്വാഴ്ച്ച  (27- 09- 2011)

Thursday 15 September 2011


എന്താണ് വര്‍ത്തമാന പുസ്തകം?.


പോര്‍ച്ചുഗീസ് വത്ക്കരണത്തില്നിന്ന്, മാര്‍തോമാനസ്രാണികളെ മോചിപ്പിച്ച്, തങ്ങളുടെ  പുരാതന  പൌരസ്ത്യ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിലേക്ക്‌  തിരികെക്കൊണ്ടുവരാന്‍, യൌസെപ്പ് മല്പ്പാനും തോമ്മാ കത്തനാരും നടത്തിയ സാഹസികമായ യാത്രകളെക്കുറിച്ച്, തോമ്മാ കത്തനാര്‍ സ്വയമേക്കുറിച്ച  വിവരണത്തെ വര്‍ത്തമാന പുസ്തകം എന്ന് വിളിക്കുന്നു. ഇത് ആല്മാര്‍ത്ഥമായി വായിക്കുന്ന ഒരു മാര്‍തോമാനസ്രായനും തങ്ങളുടെ പുരാതന  പൌരസ്ത്യ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തിലേക്ക്‌  തിരികെപ്പോകാതിരിക്കാനാവില്ല.

വര്‍ത്തമാന പുസ്തകമെന്ന പേരില്‍ പുതിയ ഈ പുസ്തകം എന്തിന്?

പോര്‍ച്ചുഗീസ് വത്ക്കരണം, അന്നത്തെ  പോര്‍ച്ചുഗീസുകാരെക്കാള്‍ ശക്തമായി, പോര്‍ച്ചുഗീസ്- വത്ക്കരിക്കപെട്ട ഇന്നത്തെ മാര്‍തോമാനസ്രായക്കാരില്‍ ഭൂരിഭാഗവും, അറിഞ്ഞോ അറിയാതെയോ നടത്തി പോരുമ്പോള്‍,  തോമാക്കത്തനാരുടെ ചയ്തന്യത്തില്‍  ഇന്നത്തെ നസ്രായാപള്ളിയുടെ വര്‍ത്തമാനങ്ങള്‍, കര്‍ത്താവീശോയുടെ കൃപയാലും ബാവാ ദൈവത്തിന്‍റെ സ്നേഹത്താലും റൂഹാദ‍്ക്കു‍ദ്ശായുടെ  സഹവാസത്താലും എഴുതാന്‍ ആഗ്രഹിക്കുന്നു.


Tuesday 13 September 2011

യാക്കോബായ, ഓര്‍ത്തഡോക്സ് ബാവാമാരേ,


കര്‍ത്താവീശോയില്‍ സ്നേഹമുള്ള യാക്കോബായ, ഓര്‍ത്തഡോക്സ് ബാവാമാരേ,

മേല്പട്ടക്കാരായി  ബഹുമാനപ്പെട്ട നിങ്ങളെ  തിരഞ്ഞെടുത്ത ആലാഹയ്ക്ക് നിങ്ങളോടൊപ്പം, ഞങ്ങളും നന്ദി  പറയുന്നു. ബാവാ-പട്ടത്തെ ബഹുമാനിച്ചു  നിങ്ങളില്‍ ഈശോ മ്ശിഹായെക്കണ്ട് ഞങ്ങളും ചൊല്ലുന്നു.

ഈശോ മ്ശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

നിങ്ങള്‍ക്ക് ഈ കത്തയക്കാനുള്ള യോഗ്യത   ഞങ്ങള്‍ക്കില്ല.  രണ്ട് ബാവാമാരുടെയും മക്കള്‍ പരസ്പരം തമ്മിലടിച്ചു ചാകുന്നത് കാണാന്‍, ചിലര്‍  അകത്തും പുറത്തും ഉണ്ടെങ്കിലും, അത് തിരിച്ചറിയാനാവാതെ നടുറോഡില്‍, ആരുടെയൊക്കെയോ കുതന്ത്രത്തിനു വഴങ്ങി, നിങ്ങള്‍ ഉപവസിക്കുമ്പോള്‍, പഴയകുറ്റില്പെട്ട ചില  നസ്റായക്കാര്‍, ആത്മാര്‍ഥമായ വേദനയോടെ ഈ വര്‍ത്തമാന പുസ്തകം കുറിക്കുന്നു. സത്യം വേദനയേകുമെന്നതിനാല്‍  ക്ഷമിക്കുമല്ലോ.


ഏഴു എഴുപതു ക്ഷ്മിച്ച കര്‍ത്താവിന്‍റെ സ്ഥാനത്തു സഭയില്‍ വാഴുന്ന മേല്പട്ടക്കാരില്‍ നിന്ന്, സ്വന്തം മക്കള്‍ തെരുവിലിറങ്ങി തല്ല് പിടിക്കാതിരിക്കാനുള്ള ഉപദേശം ക്ഷമാപൂര്‍വം നല്‍കുന്നതിനുപകരം, ഈ ഉപവാസം, തല്ല് പിടിച്ചേ പോകു എന്ന് വാശി പിടിക്കുന്ന ചിലരുടെ വാസന കൂട്ടില്ലേ?. ശത്രുവിനുപോലും അനുഗ്രഹം കൊടുക്കേണ്ട ആ വിശുദ്ധ കരങ്ങളെ ആരാണോ ഇങ്ങനെ റോഡിലേക്ക് ഇറക്കിവിട്ടത്? ബാവാമാരേ, സമാധാനമായ ഉത്ഥിതനീശോയുടെ അടയാളമായി  കൈസ്ലീവായേന്തുന്ന നിങ്ങളുടെ ഇപ്പോഴത്തെ റോഡിലുള്ള സാന്നിദ്ധ്യം അസ്സമാധാനത്തിന് ഇടം കൊടുക്കാതിരിക്കട്ടെ.

നിങ്ങള്‍ ഇവിടെ ബലിയാടുകളായി മാറ്റപെടുന്നു. ആരാണോ ഇങ്ങനെ പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് ഉപദേശം തന്നത്? ഈ ഉപദേശം തന്നവരുടെ ഇങ്ങനെയുള്ള ഉപദേശം, ദയവായി ഇനിയെങ്കിലും കേള്‍ക്കല്ലേ. തമ്മിലടിപ്പിച്ച് ഈ കുലം അറം പറ്റിക്കാന്‍ അകത്തും പുറത്തും ആളുള്ളപ്പോള്‍ നസ്രാണികളെ, തമ്മിലടിക്കരുതേ; ആരെയും തമ്മിലടിപ്പിക്കരുതേ.


1600 വര്‍ഷങ്ങള്‍ ഒന്നിച്ച് ഒരേ പുരാതന പൌരസ്ത്യ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തില്‍ കഴിഞ്ഞ നമ്മള്‍ പോര്ച്ച്ഗീസ് വന്ന കാലംമുതല്‍, അവര്മൂലം ഭിന്നിക്കപെട്ടന്നു മനസ്സിലാക്കിയിട്ടും അവര് പോയിക്കഴിഞ്ഞിട്ടും ആ ഭിന്നിപ്പ്‌ തുടരുന്നത് ഒരമ്മയുടെ മക്കള്‍ക്ക്‌ ഒട്ടും ചേര്‍ന്നതല്ല.


ഒരുമിച്ച് ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍, തമ്മില്‍ തീരാത്ത അടികള്‍ പമ്പ കടക്കും. മുഴുവന്‍ യാക്കോബായ, ഓര്‍ത്തഡോക്സ് മേല്പട്ടക്കാരും പ്രതിനിധികളും   ഒരുമിച്ച് ഒരാഴ്ച്ച, മദ്ബഹായുടെ മുമ്പില്‍, സഹോദര സഭയിലെ ഒരു കത്തനാരെ വിളിച്ചു നന്നായി ഒന്ന് പരിശോധന നടത്തിയാല്‍, ഉത്ഥിതനീശോ വന്ന് നമ്മെ ഐക്യപ്പെടുത്തും. പ്രഥമവും പ്രധാനവുമായി ഉത്ഥിതനീശോയുടെ നാമത്തില്‍ ചര്‍ച്ച നടത്തുക.


ഈ റോഡ്‌ കിടപ്പില്‍, ശത്രുത ബാക്കി വെച്ച്, നമ്മള്‍ മരിച്ചുപോയാല്‍ സ്വര്‍ഗ്ഗത്തിലെത്തുമോ? ഈ റോഡില്‍കിടന്നുള്ള സമരം സഭയ്ക്ക് ഗുണമാകുമോ, നാണക്കേടാകുമോ? കര്‍ത്താവിനും സഭയ്ക്കും നാണം വരത്തക്ക വിധത്തില്‍ നമ്മള്‍ ഒന്നും ചെയ്യാതിരിക്കാന്‍ പരസ്പരം പ്രാര്‍ത്ഥിക്കാം. നില്‍ക്കുന്നവര്‍ വീഴാതിരിക്കാന്‍ പരസ്പരം പ്രാര്‍ത്ഥിച്ച് സഹായിക്കാം. ആര്‍ക്കും വീഴാമല്ലോ?


 നാളെ മറ്റെവിടെയെങ്കിലും ഒരു ലഹള ഉണ്ടായാല്‍ ബാവാമാര്‍ക്ക് ഉപദേശമായി എന്തെങ്കിലും പറയാനാകുമോ? സ്വന്തം സഭാമാക്കള്‍ ഇങ്ങനെ തമ്മിലടിക്കുന്നത് കണ്ട് നമ്മുടെ കര്‍ത്താവിന് എന്ത് മാത്രം ദുഖമായിരിക്കും? സഭയിലെ ചിലരുടെ ഇങ്ങനത്തെ, നസ്രായക്കാര്‍ക്ക് ചേരാത്ത പ്രകടനം കണ്ട്, ഈശോയുടെ- ശ്ലീഹന്മാരുടെ സഭയെ മൊത്തത്തില്‍ തെറ്റിദ്ധരിച്ച് കാണരുതേ, മറ്റ് സഭാ മക്കളെ, മറ്റ് മനുഷ്യരെ. ഉത്ഥിതനീശോയുടെ, തിരുസഭയുടെ നാമം ഇങ്ങനെ കളങ്കപ്പെടുത്തിയത്തില്‍ മാപ്പ് ചോദിക്കുന്നു.
ഇങ്ങനെ റോഡില്‍ക്കിടന്നു സമരം നടത്തി, വിജയം നേടി, അങ്ങനെ സ്വന്തം സഹോദരങ്ങള്‍ക്കെതിരെ നേടിയ വിജയത്താല്‍, ഒരു പള്ളി കിട്ടി കുര്‍ബാന അര്‍പ്പിച്ചാല്‍, അത്, ശത്രുവിനോടുപോലും ക്ഷമിച്ചിട്ട് വന്ന് കുര്‍ബാനയില്‍ പങ്കാളിയാകാന്‍ പറഞ്ഞ, ഈശോ മ്ശിഹായുടെ കുര്‍ബാനയോട് നീതി പുലര്‍ത്തുമോ?.


ഒരു പള്ളി ഇങ്ങനെ പോയാല്‍, സ്വന്തം സഹോദരങ്ങളല്ലേ  കൊണ്ടുപോയത് എന്ന്‍ ചിന്തിക്കാത്തതെന്തുകൊണ്ട്‌? ഒരേ രീതിയിലല്ലേ  നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്?  ഒരേ കുര്‍ബാനയല്ലേ  നാം ചൊല്ലുന്നത്? ഒരേ അപ്പമല്ലേ നാം ഭക്ഷിക്കുന്നത്? കുര്‍ബാനായായി നമ്മില്‍ വന്ന അതെ ഉത്ഥിതനീശോ,  കുര്‍ബാനായായി  സഹോദരങ്ങളില്‍  ചെല്ലുന്നുണ്ട് എന്ന ബോദ്ധ്യം ഉണ്ടെങ്കില്‍ തമ്മില്‍ അടിക്കുമ്പോള്‍ ഉത്ഥിതനീശോക്ക് ആ അടി ഏല്ക്കുന്നു എന്നോര്‍ത്താല്‍ പിന്തിരിയാന്‍ ഇനിയും സമയമുണ്ട്.

 അടിച്ചും പിടിച്ചും ഒരു പള്ളി, അതും സ്വന്തം സഹോദരങ്ങളില്‍ നിന്ന് വാങ്ങി, സ്വസ്ഥ്തതയോടെ  അവിടെ കുര്‍ബാന അര്‍പ്പിക്കാന്‍, ഒരു സത്യവിശ്വസിക്കാകുമോ?. ബാവാമാരെ, ഇങ്ങനെയുള്ള ഉപവാസത്തിന് നിങ്ങളെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചു മോശമായി  വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍  നസ്രാണികള്‍ക്ക് മുഴുവനുമാണ് നാണക്കേട്‌. വടി നീട്ടി അടി വാങ്ങണോ?. നമ്മള്‍ മൂലം അകത്ത് നിന്നും പുറത്ത് നിന്നും കര്‍ത്താവിന്റെ സഭയെ അടിക്കാന്‍ വടി നീട്ടി കൊടുക്കരുതേ.

 ബഹളമുണ്ടാക്കുമെന്നു കരുതുന്ന,ഇങ്ങനെയുള്ള പള്ളികള്‍ അടിച്ചും പിടിച്ചും വാങ്ങുന്നതിലും ഉപരി, കാലിത്തൊഴുത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതല്ലേ ഭേദം? മനുഷ്യപുത്രന് കാലിത്തൊഴുത്തില്‍ പിറക്കാമെങ്കില്‍, സ്വന്തം സഹോദരങ്ങള്‍ക്ക് ഒരു പള്ളി വിട്ടുകൊടുത്തിട്ട്, തങ്ങളുടെ ശുശ്രുഷയിലുള്ള വിശ്വാസികള്‍ അവിടെ ഉണ്ടെകില്‍, ഒരു കൊച്ചുപുര പുതിയതായി കെട്ടി, വിശ്വാസം ഉള്ളവര്‍ കുര്‍ബാന ചൊല്ലട്ടെ. അതല്ലേ, ശരിയായ വിശ്വാസം. അതായിരിക്കും ഇത്തരണത്തില്‍ കര്‍ത്താവിന് പ്രീതികരമായ കുര്‍ബാന. അങ്ങനെയുള്ള പള്ളിയാണ് ഉത്ഥിതനീശോയ്ക്ക് ഇത്തരുണത്തില്‍ ഇഷ്‌ടം.

എന്തെയാലും, ദയവായി ഈ തെരുവ് പ്രകടനങ്ങള്‍ നിര്‍ത്തി, മദ്ബഹായുടെ മുന്‍പാകെ  മൌനമായി രണ്ട് ബാവാമാരും കൂട്ടരും ധ്യാനിക്കുക. നമ്മുടെ പാപങ്ങള്‍  ദൈവത്തിന് ക്ഷിക്കാമെങ്കില്, നമുക്ക്  നമ്മുടെ സഹോദരങ്ങളോട് എങ്കിലും ക്ഷമിച്ചുകൂടെ? പിന്നെ എങ്ങനെ നാം ശത്രുക്കളോട് ക്ഷമിക്കും?


 പഴയകുറ്റിനോടോപ്പം, 2000 വര്‍ഷം, ഒരേ പുരാതന പൌരസ്ത്യ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യം, ഉള്ള ഒരു സഭ നശിച്ച് പോകുന്നത് കാണാന്‍ വയ്യാ. ഇങ്ങനെയുള്ള അടികള്‍ മൂലം നമുക്ക് സ്വയം നശിക്കാതിരിക്കാം. ഉപവാസങ്ങള്‍ നല്ല കാര്യങ്ങള്‍ക്കായി നടത്തുക.

മക്കളെ, നമുക്ക്‌ നമ്മുടെ സഹോദരങ്ങള്‍ക്ക്, നമ്മള്‍ ഒരുമിച്ചു വിളിക്കുന്ന നമ്മുടെ ഈശോയുടെ ഈ പള്ളി വിട്ടു കൊടുക്കാം. ഇവിടെയുള്ളവര്‍ക്ക് ഈ പള്ളിയില്‍  ഇപ്പോള്‍ കുര്‍ബാനയില്‍ പങ്കാളിയാവാന്‍ പറ്റിയില്ലേല്‍,അടുത്ത പ്രദേശത്ത് ഒരു കൊച്ചു പള്ളി പണിയാം. തല്ല് പിടിച്ചു നമുക്ക്‌ ഒരു പള്ളിയും വേണ്ട. നമ്മുടെ ഒരു പള്ളി, സഹോദരങ്ങളുടെ കൈയ്യില്‍ ഇരിക്കുന്നത് നമ്മുടെ കൈകളില്‍ ഇരിക്കുന്നത് പോലെയാണ് എന്നോര്ക്കാം. എല്ലാം നമ്മുടെ എല്ലാവരുടെയും ആയിരുന്നല്ലോ. ഒരുനാള്‍,  സഹോദരങ്ങളായ നമുക്കൊരുമിച്ച് ഈ പള്ളിയില്‍, ഒരേ കുര്‍ബാനയില്‍ പങ്കാളിയാകാന്‍ ഇടവരട്ടെ; എന്ന് ഏതുബാവാ ആദ്യം പറയുന്നുവോ ആ ബാവായുടെ നാമം സ്വര്‍ഗത്തിലും ഭുമീയിലും മഹത്ത്വപ്പെടും.

ഇത്  പറഞ്ഞ ശേഷം സമാധാനമായ ഉത്ഥിതനീശോയുടെ അടയാളമായി, ബാവാമാര്‍ വഹിച്ചിരിക്കുന്ന  കൈസ്ലീവാ പരസ്പരം ബാവാമാരും സര്‍വ്വമക്കളും ചുംബിച്ചു സമാധാന ത്തോടെ പോവുക. ഉത്ഥിതനീശോയുടെ നാമത്തില്‍ നല്ല മനസ്സോടെകത്തിനെ സ്വീകരിക്കുമല്ലോ. നന്ദി.

 (ദയവായി ഈ കത്ത്‌, ബാവാമാര്‍ വായിച്ചറിയാന്‍, സമരപന്തലില്‍ ആരെങ്കിലും നല്‍കണമേ.)

പരിശുദ്ധനായ ബാവായേ, ഞാനും നീയും ഒന്നായിരിക്കുന്നതുപോലെ ഇവരും ഒന്നായിരിക്കേണ്ടതിന് നിന്‍റെ തിരുനാമത്തില്‍ ഇവരെ ഒന്നിപ്പിക്കണമേ എന്ന് പ്രാര്‍ത്ഥിച്ച, നല്ലയിടയനീശോയുടെ  മനോഭാവത്തില്‍ കുര്‍ബാനയില്‍ നിങ്ങളെ  ഓര്‍ക്കുന്നു. (തുടരും ...)

Sunday 11 September 2011

Mar Sleeva (Risen Isho) will come again.വീണ്ടും വരുവാനിരിക്കുന്ന മാര്‍സ്ലീവാ (ഉത്ഥിതനീശോ)


വീണ്ടും വരുവാനിരിക്കുന്ന മാര്‍സ്ലീവാ (ഉത്ഥിതനീശോ).


ഈശോ മ്ശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ഇന്നലെ വൈകുന്നേരം മുതല്‍ ഏലിയാ സ്ലീവാക്കാലം  ആരംഭിച്ചു. വീണ്ടും വരുവാനിരിക്കുന്ന മാര്‍സ്ലീവായെ (ഉത്ഥിതനീശോയെ) ധ്യാനിച്ച് ജീവിക്കേണ്ട കാലം. ഇന്നലെ വൈകുന്നേരം പള്ളിയില്‍ റമ്ശാ ശുശ്രുഷ ഉണ്ടായിരുന്നു . റമ്ശാ ശുശ്രുഷക്ക് പങ്കെടുത്ത് പരിശുദ്ധ കുര്‍ബാനക്ക് ഒരുങ്ങുന്ന പാരമ്പര്യം നസ്രാണികളായ നമ്മുക്ക് ഉണ്ടായിരുന്നു. നല്ലതൊക്കെ കളയാന്‍ എളുപ്പമാണല്ലോ.


നമ്മുടെ പള്ളികളില്‍ പണ്ട്, കൂദാശകളും യാമ ശുശ്രൂഷകളുമായിരുന്നു  പ്രധാനമായ  പ്രാത്ഥനകള്‍. ആദ്യ കാലത്ത്,  ഇവിടെയുള്ള നസ്രാണികള്‍ക്കെല്ലാം  ആറാമായ അഥവാ സുറിയാനി ഭാഷ നന്നായ്‌ അറിയാമായിരുന്നു. കാരണം അന്ന് ഈ ഭാഷാ വാണിജ്യ ഭാഷയായിരുന്നു. ആറാമായ സംസാരിക്കുന്ന യൂദരുടെ വാണിജ്യകൂട്ടങ്ങള്‍ കൊണ്ട് നമ്മുടെ കേരള ഇടങ്ങള്‍ നിറഞ്ഞിരുന്നു. ഇന്ന് ഇംഗ്ലീഷ് പൊതുസംസാര ഭാഷയായി നില്‍ക്കുന്നത് പോലെ അന്ന് ആറാമായാ സംസാര ഭാഷയായിരുന്നു.


ആറാമായാ സംസാരിക്കുന്ന യൂദര്‍ പാര്‍ത്തിരുന്ന വാണിജ്യ ഇടങ്ങളിലാണല്ലോ,  ആറാമായാ സംസാരിക്കുന്ന  യൂദനായ  മാര്‍തോമാശ്ലീഹായാല്‍ മിക്ക പള്ളികളും രൂപീക്രതമായത്. കേരളത്തിലെയും  ആദ്യകാല നസ്രാണികള്‍ യൂദര്‍ തന്നെ. യൂദാ വംശത്തില്‍പ്പിറന്ന ഈശോ അറിയിച്ച മാര്‍ഗ്ഗം, യൂദാ വംശത്തില്‍പ്പെട്ട തോമാശ്ലീഹായ്‌ക്ക്, കേരളത്തിലുള്ള യൂദര്‍ വഴി വളര്‍ത്തുക എളുപ്പമായിരുന്നു. മാര്‍ഗ്ഗമായ ഈശോ സംസാരിച്ച ഭാഷ, മാര്‍ഗ്ഗം കാട്ടിയ നമ്മുടെ ബാവാ-തോമാ സംസാരിച്ച  ഭാഷ, വെളിപാടിന്റെ ഭാഷ, വിശ്വാസ ഭാഷ, എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന, ആറാമായ (സുറിയായാ) ഭാഷയെ, ബഹുമാനത്തോടെ നമ്മുടെ പൂര്‍വികര്‍ കണ്ടിരുന്നു; പഠിച്ചിരുന്നു, എന്നതിന് തോമാ കത്തനാര്‍ എഴുതിയ വര്‍ത്തമാന പുസ്തകം തന്നെ സാക്ഷി.


ആയിരത്തി അറുനൂര്‍ വര്‍ഷങ്ങങ്ങള്‍  നമ്മുടെ നസ്രായാ പള്ളി (സഭ),  ആറാമായ (സുറിയായാ) ഭാഷയില്‍ പ്രാര്‍ത്ഥിച്ചിരുന്നു, വിശ്വാസം പഠിച്ചിരുന്നു എന്നതില്‍ നാം അഭിമാനിക്കണം.


പോര്‍ച്ചുഗീസ്കാര്‍  വന്നാണ് ആറാമായ (സുറിയായാ) ഭാഷാ പഠനം നിര്‍ത്തലാക്കിയത്. ആദ്യ കാലത്ത്‌ അവര്‍, പാശ്ചാത്യാ  ആരാധനക്രമങ്ങള്‍ നമ്മള്‍ അംഗീകരിക്കാന്‍, നമ്മള്‍ ഇഷ്‌ടപ്പെടാന്‍, ആറാമായ (സുറിയായാ) ഭാഷയില്‍ ആക്കിതന്നു. തുടര്‍ന്ന്‍ ആറാമായ (സുറിയായാ) ഭാഷാ പഠനം നിര്‍ത്തലാക്കി. അതോടെ, ആറാമായ (സുറിയായാ) ഭാഷാ, കേരളീയ നസ്രായക്കാര്‍ക്ക് കേവലം ചൊല്ലല്‍ മാത്രമായി. പോര്‍ച്ചുഗീസ്കാര്‍  വിജയിച്ചു.


നാന്നൂര്‍ വര്‍ഷങ്ങള്‍ കടന്നുപോയി. പോര്‍ച്ചുഗീസ്   വത്കരണത്തില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തില്‍, നമ്മുടെ ആറാമായ (സുറിയായാ) ആരാധനക്രമം പുനരുദ്‌ധരിച്ചപ്പോള്‍, ആറാമായ (സുറിയായാ) ഭാഷാ കേവലം ചൊല്ലാന്‍ മാത്രം അറിയുന്ന, അങ്ങനെ ആക്കപ്പെട്ട, അന്നത്തെ  കേരളീയ നസ്രായക്കാരുടെ സ്ത്ഥിവിശേഷത്തെ തെറ്റിദ്ധരിച്ചു, മലയാളത്തിലേക്ക് സാവധാനം,  നമ്മുടെ ആറാമായ (സുറിയായാ) ആരാധനക്രമം വിവര്‍ത്തനം ചെയ്യപ്പെട്ടു.


നാന്നൂര്‍ വര്‍ഷങ്ങള്‍  കഴിഞ്ഞുള്ള,ആദ്യകാല പുനരുദ്‌ധരിക്കപ്പെട്ട പ്രാര്‍ത്ഥന പുസ്തകങ്ങളില്‍, നമ്മള്‍, പോര്‍ച്ചുഗീസ്   വത്കരിക്കപ്പെട്ട നസ്രായക്കാരാ യിരുന്നിട്ടും, അടിസ്ഥാന വിശ്വാസ പദങ്ങള്‍ നമ്മുടെ ആറാമായ (സുറിയായാ) ഭാഷയില്‍ത്തന്നെ നിലനിര്‍ത്തി. എന്നാല്‍ മുന്നോട്ട് പോകുന്തോറും ആറാമായ (സുറിയായാ), ശ്ലയിഹിക പാരമ്പര്യത്തില്‍ നിന്ന്‍ അകലുന്ന, ഇന്നത്തെ   പോര്‍ച്ചുഗീസ്   വത്കരിക്കപ്പെട്ട നസ്രായക്കാരായ നമ്മളെ ആണ് ചരിത്രം കണ്ടുമുട്ടുന്നത്. അത്രമാത്രം നമ്മള്‍ കര്‍ത്താവിന്‍റെ, തോമാ വഴി കൈമാറികിട്ടിയ ആറാമായ (സുറിയായാ) ആദിമ ചൈതന്യത്തില്‍ നിന്നും അകന്നുകഴിഞ്ഞു.
കര്‍ത്താവീശോയേ, ക്ഷമിക്കണമേ.

തുടരും....
ഏലീയാ സ്ലീവാ ഒന്നാം ഞായറാഴ്ച്ച. (11- 09- 2011).

Saturday 10 September 2011

please do not translate Thoma as Thomas.


തോമായെ തോമസ്സാക്കരുതേ തോമാമക്കളേ.

കപ്പല്‍ തയ്യാര്‍. യാത്ര തുടങ്ങാറായി. കയ്ത്താ ആറാം ബുധനാഴ്ച്ച,മര്‍ത്ത് മറിയമിന്‍റെ പിറവി ഓര്‍മ്മ ദിനത്തില്‍ സഞ്ചാരത്തിനുള്ള അടുത്ത ഒരുക്കമായി.
നസ്രാണി നാമം.
യാത്ര അയക്കാന്‍ ആളില്ല. അന്ന് യൌസെപ്പ് മല്പ്പാനെയും തോമാ കത്തനാരെയും അയയ്ക്കാന്‍ അംഗമാലി നസ്രാണികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നു ആ നാമം പോലും അംഗമാലിയില്‍ ഉപയോഗത്തിലില്ലാതെയായി.
കാറ്റും കോളും
എവിടെയൊക്കെ പോകേണ്ടി വരുമെന്നും അറിയില്ല. തിരിച്ചുവരുമോയെന്നും അറിയില്ല. വലിയ കാറ്റും കോളും ഉണ്ട്. കൂടെ അവനുണ്ട്; നസ്രായ ഈശോ മ്ശിഹാ, എന്നതില്‍ മാത്രം സന്തോഷം. കുര്‍ബാനയായി അവനില്ലായിരുന്നുവെങ്കില്‍ വഞ്ചിയാത്ര നടക്കില്ല.
സന്തോഷം. അഭിനന്ദനവും.
പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ പിറന്നിട്ട് ഇരുനൂറ്റി എഴുപത്തി അഞ്ചാം വര്‍ഷമായി, ഈലോല്‍ മാസം, പത്താം തീയതിയില്‍. തോമാ കത്തനാര്‍ കുറിച്ച വര്‍ത്തമാനപുസ്തകം മാര്‍തോമാ നസ്രായ സഭയുടെ ചരിത്രമാണ്. തോമാ കത്തനാരുടെ പിറന്നാള്‍ ഇന്നത്തെ നസ്രായരില്‍ ചിലരെങ്കിലും ഓര്‍ത്തതില്‍ സന്തോഷം. അഭിനന്ദനവും. കപ്പല്‍ യാത്രക്ക് കാരണവും ഇത്‌ തന്നെ.
നിനക്ക് ഇഷ്ടമെങ്കില്‍.
മാറന്‍ വാലാഹന്‍(ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവുമേ) നിനക്ക് സ്തുതി. നിനക്ക് ഇഷ്ടമെങ്കില്‍ ഈ യാത്രയില്‍ നീ കൂട്ടായിരിക്കണമെ. നിന്‍റെ ദാസന്‍ത്തോമാക്കത്തനാര്‍ എഴുതിയതുപോലെ നിന്‍റെ പള്ളിയുടെ വര്‍ത്തമാനങ്ങളെഴുതാന്‍ പാപികളായ ഞങ്ങളെ യോഗ്യരാക്കണമേ. മാര്‍ സ്ലീവായേഉത്ഥിതനീശോയേ, നിനക്ക് സ്തുതി.  നിന്‍റെ നാമമോ, നിന്‍റെ മണവാട്ടിയായ പള്ളിയുടെ നാമമോ വ്രഥാ പ്രയോഗിക്കാന്‍ ഞങ്ങള്‍ക്ക് ഇടവരാതിരിക്കട്ടെ. ബാവായും പുത്രനും റൂഹാദ്ക്കുദ്ശായുമായ സകലത്തിന്റെയും കര്‍ത്താവേ, എന്നേക്കും; ആമേയ്ന്‍.
മറന്നു പോയ, മറന്നു പോകുന്ന.
നമ്മുടെ സഭ സ്വന്തം സുറിയാനി അസ്ഥിത്വം പോലും മറന്നു പോയ, മറന്നു പോകുന്ന, സഭയാണല്ലോ. ഈ വിശുദ്ധ സുറിയാനി പാരമ്പര്യം നിലനിര്‍ത്താനായി തീര്‍ത്ഥാടനം നടത്തിയ ഭിക്ഷു ആണല്ലോ, തോമാ കത്തനാര്‍. പല ജൂബിലിയാചരണങ്ങള് പേരിന് ഇന്ന്    അരങ്ങേറുന്നുണ്ട്. അതുപോലൊന്ന്‌ നടത്താനാണീ ഓര്‍മ്മ എങ്കില്‍, ദയവായി ഇത് പോലൊക്കെ നടത്തി സുറിയാനി സഭയ്ക്ക് ചരമഗീതം പാടരുതേ, എന്നൊരപേക്ഷ.

മരിച്ചലിനു തുല്യമാണ്.
തോമ്മാക്കത്തനാരുടെ ഓര്‍മ്മ- യോഗത്തിനു കൊടുത്തപ്പേരില്‍  മാര്‍തോമസ്‌ പാ‍റേമ്മാക്കല്‍ എന്ന് കണ്ടു. നമ്മുടെ സുറിയാനിസഭ സങ്കരസഭയായി മാറിയതിന് ആധുനിക കൊച്ചുതെളിവ്‌. സുറിയാനി പാരമ്പര്യം നിലനിര്‍ത്താനായി തീര്‍ത്ഥാടനം നടത്തിയ തോമാ കത്തനാര്‍ക്ക് പോലും കൊടുത്ത പേര് തോമസ്‌. കര്‍ത്താവീശോ പോലും തോമായെ, തോമാ എന്ന് വിളിച്ചിട്ടും കര്‍ത്താവ് സംസാരിച്ച അതേ ഭാഷയില്‍ വിശ്വാസം കൈകൊള്ളാന്‍ ഭാഗ്യം ലഭിച്ച നമ്മള്‍, ഇന്ന് ആ നാമം പോലും മാറ്റി ഇംഗ്ലീഷ് ശൈലിയില്‍ തോമസ്‌ എന്ന് പേര് വിളിച്ച് തോമാ കത്തനാരെ അനുസ്മരിച്ചാല്‍, അത് മരിച്ചലിനു തുല്യമാണ്.
വിശ്വാസ ഭാഷ.
ഒരു പേരില്‍ എന്ത് ഇരിക്കുന്നു എന്ന്, അര്‍ഥം ഇല്ലാത്ത പേരുള്ള പുതിയ തലമുറയിലെ ചിലരും പുരാതന ഭാഷയുടെ അര്‍ഥം അറിയാത്തവരും ചോദിച്ചേക്കാം.സുറിയാനി അഥവാ ആറാമായ ഭാഷ നമുക്ക് വിശ്വാസ ഭാഷയാണ്. ഈശോമ്ശിഹായും മര്‍ത്ത് മറിയമും ശ്ലീഹരും സംസാരിച്ച, ആ പുണ്ണ്യഭാഷയില്‍ വിശ്വാസം സ്വീകരിക്കാന്‍ കരുണ ലഭിച്ച നമ്മള്‍ അടിസ്ഥാന വിശ്വാസ പേരുകളും പദങ്ങളുമെങ്കിലും സുറിയാനി അഥവാ ആറാമായ ഭാഷയില്‍ നിലനിര്‍ത്തിയില്ലായെങ്കില്‍ നമ്മള്‍, ആ ഭാഷ സംസാരിച്ച ഈശോയെയും ആ ഭാഷയില്‍ വിശ്വാസം നമുക്ക് കൈമാറിയ മാര്‍തോമാ ശ്ലീഹായെയും സുറിയാനി അഥവാ ആറാമായ ഭാഷാ പാരമ്പര്യം നിലനിര്‍ത്താനായി കപ്പല്‍ യാത്ര നടത്തിയ തോമാക്കത്തനാരെയും കളിയാക്കുകയല്ലേ?.
പാലായെ ഇംഗ്ലീഷ് ഭാഷയില്‍?.
ഇംഗ്ലീഷ് വിവര്‍ത്തനം ആണന്നു പറഞ്ഞ് തോമ്മായെ തോമസ്‌ ആക്കാന്‍ നമുക്ക്‌ അനുവാദം ഉണ്ടോ?. ഒരു ഭാഷയിലെ അടിസ്ഥാന നാമങ്ങള്‍ മാറ്റുന്നത് ശരിയല്ല. ഉദാഹരണം; പാലായെ ഇംഗ്ലീഷ് ഭാഷയില്‍ പാല്‍ എന്നൊ പാലസ് എന്നൊ വിളിക്കുന്നുണ്ടോ?. പാലാ, ഇംഗ്ലീഷ് ഭാഷയിലും പാലാ എന്നല്ലേ വിളിക്കപെടുന്നത്?
വീണ്ടും പോര്‍ച്ചുഗീസ് വത്കരണം.
ഇടക്കാലത്ത് നിലവില്‍ വന്ന  തെറ്റായ വിവര്‍ത്തന പേരുകള്‍, നിയമപരമായി രാഷ്ട്രം പോലും മാറ്റിയിട്ടും വിശ്വാസ അടിസ്ഥാന പദങ്ങള്‍ അതേ രീതിയില്‍ ഉപയോഗിക്കാന്‍ നാം പഠിച്ചില്ലേ? പുരാതന നാമങ്ങള്‍ മനസ്സിലാക്കി സംസ്ഥാനങ്ങള്‍ പോലും ഇന്നു പുരാതന പേരുകള്‍ തിരികെ എടുക്കുമ്പോള്‍ നമ്മുടെ സഭ എന്തേ, അറിഞ്ഞോ, അറിയാതെയോ, സുറിയാനി അഥവാ ആറാമായ ഭാഷ, വിട്ടിട്ട് വീണ്ടും പോര്‍ച്ചുഗീസ് വത്കരണത്തിന് ഒരുങ്ങുന്നത്?പറങ്കി പോയിട്ട് നാനൂറ് വര്‍ഷം കഴിഞ്ഞിട്ടും, അവര്, അറിഞ്ഞോ അറിയാതെയോ  വരുത്തി വച്ച പോര്‍ച്ചുഗീസ് വത്കരണം, അവരെക്കാള്‍ വാശിക്ക് നമ്മള്‍ തന്നെ നടുത്തുമ്പോള്‍, ഇങ്ങനെയൊക്കെ, തോമാ കത്തനാരെ ഓര്‍ക്കുന്നത്, എന്തിനുവേണ്ടി തോമാ കത്തനാര്‍ ത്യാഗം നടത്തിയോ, ആ ത്യാഗത്തെ തള്ളിപറയലല്ലയോ?
ഓണം.
ഹാപ്പി ഓണം എന്ന് ചിലര്‍ ഇംഗ്ലീഷില്‍ പറയുമ്പോഴും ഓണം എന്ന അടിസ്ഥാന പദം കളഞ്ഞിട്ടില്ല. ഓണത്തെ ആരും ഇംഗ്ലീഷില്‍ ഓണ്‍ എന്നൊ ഓണമസ് എന്നൊ പറഞ്ഞിട്ടില്ല. ഭാഗ്യം.
നല്ലൊരനുസ്മരണം.
പതിനാറാം നുറ്റാണ്ട് വരെ തോമാ എന്ന് ഇംഗ്ലീഷില്‍ പോലും  കുറിച്ച കത്തനാര്‍ പാരമ്പര്യം ഉള്ള ഈ സുറിയാനിസഭയില്‍, തോമാ എന്ന ആ നാമത്തില്‍, ഇംഗ്ലീഷില്‍ പോലും അതെ രീതിയില്‍ അറിയപ്പെടുന്ന എത്ര കത്തനാര്മാര്‍ നമുക്ക് ഉണ്ട് എന്ന് ഒന്ന് ചിന്തിക്കുന്നത്, തോമാ കത്തനാര്‍ക്ക്‌ കൊടുക്കുന്ന നല്ലൊരു അനുസ്മരണമായിരിക്കും.ഇത്രയും നാള്‍ ചരിത്രത്തിലെങ്കിലും തോമാ കത്തനാര്‍ എന്നുള്ള സുറിയാനി വിളിപ്പേരുണ്ടായിരുന്നു. അനുസ്മരണം  നടത്തി ആ  സുറിയാനിപ്പേരും കുടെ കളയരുതേ.
നമുക്ക് ഇഷ്ടപ്പെടില്ല.
നമ്മുടെ ഒക്കെ പേരുകള്‍ ഭാഷയ്ക്കനുസരിച്ച് മാറുന്നില്ലല്ലോ. പേരിന്‍റെ അല്പം പോലും മാറിയാല്‍ നമുക്ക് ഇഷ്ടപ്പെടില്ല. എന്നിട്ട് നാം ഈശോയെ ജീസസ്‌ ആക്കി,പിന്നെ യേശുവാക്കി, മറിയമിനെ മേരിയാക്കി, തോമായെ തോമസാക്കി. കര്‍ത്താവീശോ സംസാരിച്ച ഭാഷയില്‍, മേല്‍പ്പറഞ്ഞ വിശുദ്ധ നാമങ്ങള്‍, എല്ലാ ഭാഷയിലും അറിയപ്പെടു ന്നതല്ലേ ഭേദം.


വിശ്വാസഭാഷ മുഖ്യമാണ്.
ഇംഗ്ലീഷ് മോശമാണന്നല്ല അര്‍ത്ഥം. എല്ലാ ഭാഷയും നല്ലത് തന്നെ.എന്നാല്‍ നമുക്ക്‌ വിശ്വാസഭാഷ മുഖ്യമാണ്. ആരാധനാക്രമത്തില്‍ വരുമ്പോള്‍ വിശ്വാസഭാഷയ്ക്ക് ചേര്‍ന്ന വിധത്തില്‍ മറ്റു ഭാഷാനാമങ്ങള്‍ പോലും ഉച്ചരിച്ചുകൊണ്ടിരിക്കുന്ന പുരാതന രീതി നിലനില്‍ക്കവെ, കേവല വിവര്‍ത്തനം ചെയ്യുന്ന വേളയില്‍ പോലും വിശ്വാസഭാഷയിലെ അടിസ്ഥാന പദങ്ങള്‍, തനത് ഉച്ചാരണ രീതിയില്‍ നിന്ന് മാറ്റി പ്രയോഗിക്കുന്നത് ശരിയല്ലല്ലോ.ഓണത്തെ, ഓണം എന്ന് ഇംഗ്ലീഷിലും വിളിക്കുന്ന രീതിയാണ്‌ ശരിയെങ്കില്‍ എന്തുകൊണ്ട് ഈശോ, മറിയം, തോമാ എന്നീ നാമങ്ങള്‍ ഇംഗ്ലീഷിലും അതുപോലെ വിളിക്കാന്‍  മടിക്കുന്നു? അതല്ലേ നമുക്ക് അര്‍ത്ഥവത്തായത്. 
നഷ്ടപ്പെട്ടതിനെ തിരികെ എടുക്കുമ്പോള്‍.
ബോംബയെ മുംബയ് ആക്കി, ഒറിസ്സായെ ഒടീശയാക്കി,
രാഷ്ട്രം പോലും പുരാതന ഭാഷയുടെ അര്ത്ഥം മനസ്സിലാക്കി, നഷ്ടപ്പെട്ടതിനെ തിരികെ എടുക്കുമ്പോള്‍, 99 പുരാതന ആറാമായ അഥവാ സുറിയാനിപ്പേരുകളും നഷ്ടപ്പെടുന്ന വിധത്തില്‍,  നാം പെരുമാറുന്നത് നല്ലതാണോ എന്ന് ചിന്തിച്ചാല്‍, അതായിരിക്കും തോമാ കത്തനാരെ തോമസ് എന്ന് വിളിക്കാന് ധയ്ര്യം കാട്ടുന്ന  നമുക്കുള്ള പരിഹാരം. തോമാ കത്തനാര്ക്ക് നല്കാവുന്ന നല്ല ഓര്മ്മയും ഇതായിരിക്കും.
സുറിയാനി സഭയുടെ സഞ്ചാരി.
മാര്‍തോമസ്‌ പാ‍റേമ്മാക്കല്‍ എന്നല്ല വിളിക്കേണ്ടത്. മാര്‍ എന്ന പേരെങ്കിലും കളയാഞ്ഞതിനു നന്ദി.  മാര്‍തോമാ പാ‍റേമ്മാക്കല്‍ എന്ന്‍ പറഞ്ഞ് സുറിയാനി സഭയുടെ സഞ്ചാരിയെ നമുക്ക് ബഹുമാനിക്കാം. വീട്ടുപേര് പോലും വേണമെന്നില്ല; മാര്‍തോമാ ശ്ലീഹായുടെ പിന്‍ഗാമിയാകാന്‍ യോഗ്യതയുള്ള തോമ്മാക്കത്തനാര്‍ക്ക്‌. ഇനി എന്ന് കാണും ഈ സുറിയാനി സഭയില്‍, തോമാ എന്ന്‍ എല്ലാ ഭാഷയിലും വിളിക്കപ്പെടാന്‍ തയ്യാറാകുന്ന ഒരു മേല്പട്ടക്കാരന്‍. ഇനി, മാര്‍തോമാ ശ്ലീഹായെ മാര്‍തോമസ്‌ ശ്ലീഹാ എന്നാക്കരുതേ. സീറോ മലബാര്‍ സഭയുടെ നാമം മാറാന്‍ പോകുമ്പോള്‍, ചര്‍ച്ച് ഓഫ് സെന്റ്‌ തോമസ്‌ ക്രിസ്ത്യന്‍സ് എന്നൊന്നും ആക്കി ഈ സുറിയാനി സഭയെ കളിയാക്കരുതേ. പേര് നല്കുന്നുണ്ടകില്‍ മാര്‍തോമാ നസ്രായ സഭ എന്നിടുക. മാര്‍തോമ്മാ കാട്ടിയ മാര്‍ഗ്ഗത്തില്‍ നാം ഉത്ഥിതനീശോയുടെ അനുയായികളായ നസ്രായക്കാര്‍.
cathanar Thomman Paremmakkal. 
ഓര്‍ക്കണം; ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നില്‍ റോമായില്‍ നിന്നിറക്കിയ വര്‍ത്തമാന പുസ്തക വിവര്‍ത്തനത്തില്‍ ഗ്രന്ധകാരന്‍റെ പേര്‍ നല്‍കിയിരിക്കുന്നത് cathanar Thomman Paremmakkal എന്നാണ്. അന്നെങ്കിലും അവര്‍ക്ക്‌ നമ്മുടെ സുറിയാനി നാമങ്ങളോട്  തോന്നിയ ബഹുമാനം ഇന്നെങ്കിലും നമ്മുക്ക്‌ തോന്നെണ്ടേ?.  
ഈശോയും തോമായും.
നമ്മുടെ ഈശോ, തോമായെ വിളിച്ച അതെ ഉച്ചാരണത്തില്‍ തന്നെ, എല്ലാ ഭാഷയിലും നമുക്കും അപ്പനെ വിളിക്കാം. അപ്പനുള്ള നാമം മാറ്റാന്‍ നമ്മള്‍ ആരാണ്? ഈശോയും തോമായും തന്ന  സുറിയാനി അഥവാ ആറാമായ ഭാഷയില്‍, ഈശോയെന്നും തോമ്മായെന്നും എല്ലാ ഭാഷയിലും വിളിക്കാന്‍ നമുക്ക് പറ്റുന്നില്ലേല്‍ എന്ത് സുറിയാനി സഭയാണ് നമ്മള്‍?
ഒരുടുപ്പും മുടിയും?.
അന്ന് തോമ്മാ കത്തനാര്‍ പോര്‍ച്ചുഗീസില്‍ നിന്ന് സഭയെ വീണ്ടെടുക്കാന്‍ ശ്ര്യെമിച്ചതിന്, ഇന്നു ആ തോമ്മായെ പോര്‍ച്ചുഗീസ് രീതിയില്‍, പടത്തില്‍, ഉടുപ്പും തൊപ്പിയും നല്‍കി, വണങ്ങുന്നതും ചതിയല്ലേ? സുറിയാനി സഭയ്ക്ക് ഇല്ലേ, ഈ സഭയുടെ ലാളിത്യരീതിയില്‍ നല്കാന്‍ ഒരുടുപ്പും മുടിയും?.
ആരോടും ശത്രുതയില്ല.
വീണ്ടുമൊരു കപ്പല്‍ യാത്ര വേണം. വീണ്ടുമൊരു വര്‍ത്തമാന പുസ്തകം വേണം, കപ്പലാകുന്ന സഭയില്‍ നിന്ന് കൊണ്ടുതന്നെ പ്രാര്‍ത്ഥിച്ചും ഉപവസിച്ചും ദാനധര്‍മം ചെയ്തും അദ്ധ്വാനിച്ചും ഭാരം വഹിച്ചും വര്‍ത്തമാന പുസ്തകം സമര്‍പ്പിക്കുന്നു.ആരോടും ശത്രുതയില്ല. ആരെയും തോല്പിക്കണം എന്ന ചിന്തയും ഇല്ല. ഏതെങ്കിലും ചേരിയില്‍ കൂടാനോ, ചേരി തുടങ്ങാനോ ഞങ്ങളില്ല. ഒരു കാലത്തില്‍ നടന്ന പോര്‍ച്ചുഗീസ് രീതിയുടെ പേരും പറഞ്ഞ് ആരെയും കുറ്റപ്പെടുത്താനുമില്ല. എന്നാല്‍ നാം മാറണം, ആദിമ സുറിയാനി രീതിയിലേക്ക്. സത്യം എഴുതുമ്പോള്‍ വേദന ഉണ്ടാവും. അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹമില്ല.
സമര്‍പ്പണം.
കല്ലെറിയപ്പെടും എന്ന് പേടിയില്ല. ഈശോ വളരട്ടെ. നമ്മള്‍ കുറയപ്പെടട്ടെ. ഈശോയുടെ ശ്ലയ്ഹിക സഭ വളരട്ടെ. നമ്മള്‍ കുറയപ്പെടട്ടെ.ഈ കപ്പല്‍ യാത്രയില്‍ ഞങ്ങളുടെ ശിരസ്സുകള്‍ അറക്കപ്പെടുമെന്ന് അറിയാം. എന്നാലും ഈ കപ്പല്‍ തിരികെ എത്തിക്കാന്‍ ഒരാളെങ്കിലും കാണപ്പെടും എന്നുറപ്പുണ്ട്. കാലാകാലങ്ങളില്‍ കപ്പല്‍ യാത്ര ചെയ്യാന്‍ തോമ്മാശ്ലീഹായുടെ, തോമ്മാകത്തനാര്‍മാരുടെ നാമ ധാരികള്‍ വരും.കയ്ത്ത ആറാം വെള്ളി. മാര്‍ ശെമ്ഓന്‍ ബര്‍സമ്പാഏയുടെയും ശിഷ്യരുടെയും ദുഖ്‌റാനാ (ഓര്‍മ്മ). സഹ്ദാമാരുടെ- രക്തസാക്ഷികളുടെ- ഓര്‍മ്മയില്‍ വര്‍ത്തമാന പുസ്തക സമര്‍പ്പണം.
തുടരും.
കപ്പല്‍ യാത്ര തുടങ്ങും മുമ്പ്‌ ഒരു പദയാത്ര ഉണ്ട്.ഒരു കത്തനാരെ കാണാനുണ്ട്; മലയില്‍ ചെന്ന്. കൂട്ടിന് കുര്‍ബാനയായി വരുന്നവനെ കൈകൊള്ളാന്‍ കുര്‍ബാനയില്‍ പങ്കെടുക്കണം. ഞങ്ങള്‍ നഗ്ന പാദകരായി നടപ്പ് തുടങ്ങി. (തുടരും...)