Tuesday 11 October 2011

ഗര്‍ഭച്ഛിദ്ര പുരസ്കാരം.?



ܟܬ݂ܵܒ݂ ܩܵܐܹܡ   (വര്‍ത്തമാന പുസ്തകം)  –   ആറാം  പാദം    ܡܵܪܝ ܨܠܝܼܒ݂ܵܐ ܕܲܝܪܵܐ
ഗര്‍ഭച്ഛിദ്ര പുരസ്കാരം.?
വലിയ കൊലപാതകങ്ങ ള്‍ നടക്കാൻ പോകുമ്പോള്‍,  മൗനമായിരുന്നു കൈകഴുകി ഈ രക്തത്തില്‍ നമുക്ക് പങ്കില്ല എന്ന് പറഞ്ഞാൽ നമ്മുടെ ആലാഹായും നമ്മുടെ അടുത്ത തലമുറയും നമ്മോട് പൊറുക്കില്ല. ഇതൊന്നു വായിക്കാം; സ്നേഹത്തോടും വിശ്വാസത്തോടും ക്ഷമയോടും കൂടി  പ്രതികരിക്കാം.

സത്യം എഴുതുമ്പോള്‍ വേദന വന്നീടിൽ
സ്വഭാവികമാണെ  മാപ്പാക്കൂ പ്രീയരേ.
നമ്മുടെ ആലാഹാ  മാപ്പേകീടില്ല
ഇത്രയുമെങ്കിലുമെ എഴുതുന്നില്ലേലോ.

അന്നാപ്പത്രത്തിൽ കണ്ടൊരു വാര്‍ത്തയതിൽ
തേങ്ങുന്നുള്ളിലവള്‍,എന്തിനി ചെയ്യുമിവള്‍?
രണ്ടില്‍ കൂടുതലായി കുഞ്ഞ് പിറന്നെന്നാൽ
നിയമം എതിരാകും പീഡനമുറവരുമെ.

ഒരു മാസം പ്രായം ഉള്ളൊരു കുഞ്ഞുണ്ണി
തന്നുള്ളില്‍ വിങ്ങി; അമ്മയൊടൊപ്പമിതാ.
നീറിക്കരയുന്ന അമ്മയ്ക്കരികിലിതാ
വന്നെത്തി ഇരുവർ, അവളുടെ കണ്മണികള്‍.

അമ്മേ, എന്താമ്മേ, വേദനയുണ്ടോമ്മേ
എന്ന് പിറന്നീടും? നമ്മുടെ പൊന്നുണ്ണി.
ആദ്യത്തെ പേറില്‍ ഉണ്ടായായിരുവർ
കണ്ടമ്മക്കരികെ പത്രത്തി വാര്‍ത്ത.


മൂന്നാം സന്താനം പാടില്ലിനിമുതലായി;
ഗര്‍ഭത്തിൽ കൊല്ലാൻ നിയമം കൂട്ടുവരും. 
കാലന്‍ നിയമമതായി എത്തും കാലമിതാ
ന്യായത്തിന്നധിപർ കൊലയുപദേശകരൊ?

താമാ, തോമാ,എന്നമ്മ വിളിച്ചീടും
ആദ്യത്തെ  മക്ക ള്‍  തേങ്ങി അവളൊപ്പം.
വനിതാ ‘സംരക്ഷണം’ നിലനിര്‍ത്താനായി
അവളുടെ മക്കളെയൊ കൊല്ലാനുത്തരവ്‌.

നമ്മുടെ വാവായെ കൊല്ലരുതേ അമ്മേ
പാവം കുഞ്ഞിനിനി തുണയാരേകീടും?
കമ്മീഷന്‍ മുമ്പില്‍ കാണാതെങ്ങനെ നാം
വാവായെ പോറ്റും അമ്മെ കാത്തീടും?

യൗസേപ്പാമപ്പൻ ഓടി വരുന്നുണ്ടെ
താമാ, തോമായേ, അമ്മ എവിടെപ്പോയി?
പത്രം കണ്ടില്ലേ ‘സെന്‍സെസ്സ്’ ഉടനെത്തും.
പരിശോധനയുണ്ടേ പിന്നെ ‘പലമുറയും’.

കാണരുതമ്മെയവര്‍  വനിതാ കമ്മീഷൻ
ഞൊടിയിടെ നേടുമവര്‍ ഗര്‍ഭത്തിൽ ഛിദ്രം. 
താമാ തോമായും അപ്പന്‍ യൗസേപ്പും
നാടുവിടാൻ പോലും ആലോചിക്കുന്നു.

ഗര്‍ഭത്തിൽ ഛിദ്രം ചെയ്യാനുത്തരവായി
അവരെത്തും മുമ്പേ അമ്മെ ഒളിപ്പിക്കൂ.
പശുവിന്‍ക്കൂട്ടിലതിൽ  പുല്തൊട്ടിക്കുള്ളിൽ
അവളെ ഒളിപ്പിച്ചു കച്ചികീഴിലതായി.

വനിതാ കമ്മീഷന്‍  എത്തി ചോദ്യവുമായി
കുട്ടികളിവിടെത്ര?  ഇനി ഉണ്ടാകരുത്.
യൗസേപ്പാമപ്പൻ താമാ, തോമായെ
ചൂണ്ടിക്കാണിച്ചു  കുട്ടിക ള്‍  രണ്ടിവിടെ.

ഭാര്യ എവിടെപ്പോയി?  പരിശോധിക്കേണം;
‘ഇനിയുണ്ടോന്നറിയാൻ’ കമ്മീഷന്നാജ്ഞ.
അവിളിവിടില്ലലോ  യൌസെപ്പാരാഞ്ഞു.
കമ്മീഷന്‍ പരതി കുളിമുറിയിയിൽപ്പോലും.

ചാണകമണമുള്ള കാലിക്കൂട്ടിലതായി
ചെല്ലാന്‍ വൈമുഖ്യം  അതിനാലൊഴിവാക്കി.
കച്ചിയ്ക്കുള്‍ക്കീഴെ നല്‍കിയമ്മയ്ക്കായി
കാലികള്‍ സങ്കേതം  കച്ചികഴിക്കാതെ.

കുട്ടികളിനിമേലില്‍ ഉണ്ടാതാവാനായി
മുറകള്‍ പലതേകീ യൗസേപ്പിൻ കൈയ്യിൽ.
മറിയത്തെക്കൂട്ടി ഉടനടി എത്തേണം
കമ്മീഷന്‍ മുമ്പില്‍ പരിശോധിച്ചീടാൻ.

രണ്ടില്‍ കൂടുതലായി കുട്ടിക‌‍ ള്‍ ‌ പാടില്ല
മുദ്രാവാക്യത്തില്‍  കമ്മീഷൻ പാഞ്ഞു.
‘ഹേറോദേസ്പക്ഷം’ വീടുകളിൽ കയറി
ഗര്‍ഭത്തിൽത്തന്നെ കൊല്ലാൻ നിയമവുമായി.

കമ്മീഷന്‍ പോയി  കുട്ടികളുടനോടി
കച്ചിയ്ക്കുള്‍ക്കീഴെ കഴിയും അമ്മയ്ക്കായി.
ഉണ്ണി പിറന്നീടും നാളതുവരെ നമ്മള്‍
കമ്മീഷന്‍ മുമ്പിൽ ചെന്ന് പതിക്കരുത്.

കച്ചിപ്പുരയതിലായി മറിയത്തിന്‍ വാസം
തച്ചന്‍ പണിയൊപ്പം   പാചകമപ്പന്നായി.
കല്ബാ പേരുള്ള പട്ടിയോ കാവലതായി,
വാര്‍ത്തകളെത്തിക്കാൻ മൈനക്കിളിയുണ്ട്.

തച്ചന്‍ പണി ചെയ്ത് ഭവനം പോറ്റീടെ
കമ്മീഷൻ എത്തി  കൈയാമം വയ്ക്കാൻ.
ഒളിവില്‍ പാര്‍പ്പിച്ചു പീഡനമേല്പ്പിച്ചു;
യൌസെപ്പിന്‍ കുറ്റം  അതിനാൽ  തടവറയും.

പോകും നേരത്ത് മെല്ലെ ശബ്ദത്തില്‍
കുട്ടികളോടപ്പന്‍ തേങ്ങിമൊഴിഞ്ഞല്ലോ.
കണ്ടില്ലവരമ്മെ  ആലാഹാക്കനിവ്.
അമ്മെ നോക്കേണം  അതുപോൽ വാവായെ.

കണ്ണീരോടയതാ  താമാ തോമായും
ഭവനം പോറ്റീടാന്‍ പിച്ചക്കാരായി.
പള്ളിക്കൂടത്തില്‍ പോവുകയാണെന്ന്
ചൊല്ലിയവര്‍ നീങ്ങി വേലയെടുക്കാനായി.

അപ്പനു പറ്റിയതും മക്കടെ ഭാരമതും
വേദന കരുതിയവര്‍ അറിയിച്ചില്ലമ്മെ.
കമ്മീഷന്‍മാരും രാഷ്ട്രീയക്കാരും
മൗനം പാലിച്ചു  അവസരവാദികളായി.

തെരുതെരെ ഹര്‍ത്താലും പന്തപ്രകടനവും
നീക്കും  പാര്‍ട്ടികളോ ഒന്നും ചെയ്തില്ല.
ധാര്‍മ്മിക മൂല്യങ്ങ ള്‍ ചിന്തിക്കാത്തവരോ
ചിന്തിക്കത്തില്ല കൊലനിയമത്തിങ്കൽ.

മദ്യവിഷം വിൽക്കാൻ  ഒത്താശകള്‍ ചെയ്ത്
ആ വരുമാനത്തില്‍ ഭരണത്തിൽ പായും
സര്‍ക്കാരറിയുന്നോ ഇത് ജനകൊലയാണെ;
ജനാധിപത്യത്തില്‍ മദ്യാധിപത്യമിത്.

പള്ളിക്കൂടത്തില്‍ നാലിലിരിക്കേണ്ട
മക്കള്‍ ഇരുവരുമേ ഹോട്ടൽ ജോലിയിലായി.
ഭവനം പോറ്റാനായി പാത്രം കഴുകിയവർ
അവരുടെ ആശ്രയമോ  ഞായര്‍ കുര്‍ബാന.

മക്കളുമമ്മയുമായി  ഒളിവില്‍ സംസാരം
കുഞ്ഞു പിറന്നാലോ ശിക്ഷിക്കും നിയമം.
എന്നുള്ളില്‍ക്കഴിയും വാവായെ കൊല്ലാൻ
മനസ്സ്‌ വരുന്നില്ല  ശിക്ഷക ള്‍ വന്നോട്ടെ.

പേടിക്കണ്ടമ്മേ, വാവായെ തന്ന
ബാവാ ദൈവത്തെ ഓര്‍ത്തീടാമമ്മേ.
മക്കള്‍ക്കായി ത്യാഗം ചെയ്യുന്നോരമ്മേ
നിന്‍ ത്യാഗം ശ്രേഷ്ടം തലമുറകളിലെല്ലാം.

ആദ്യത്തെപ്പേറിൽ  മക്കളിരട്ടകളായി
എന്നുപറഞ്ഞാലോ അനുവാദം തരുമോ?
കമ്മീഷന്‍ മുമ്പിൽ ഞങ്ങ ള്‍ ചെല്ലട്ടെ
വാവായെ പേറും അമ്മയ്ക്കായ് മൊഴിയാം.

കണ്ണില്‍ നിന്നൊഴുകും വേദനയൊപ്പിയവർ
അമ്മക്കിരുവശവും താങ്ങായി നിലകൊണ്ടു.
കൈകള്‍ അറുത്തിട്ട് ഉപ്പും തേക്കുന്നോർ
പുതിയൊരു കമ്മീഷൻ  നവപെറ്ഓന്‍മ്മാര്.

‘മൂശേ’യെന്നതുപോല്‍ നമ്മുടെ വാവായെ
കംസന്‍ക്കമ്മീഷൻ കാണാതാക്കേണം.
നമ്മുടെ വാവായ്ക്കും ‘മൂശേ’ പേരിടണം;
മൈന ചിലയ്ക്കുന്നു  ഒളിവില്‍പ്പോ, അമ്മേ.

കമ്മീഷന്‍ വന്നു എവിടെ  സ്ത്രീയെവിടെ?
ഞങ്ങളെ വെട്ടിച്ച് ഒളിവി പാര്‍ക്കുന്നോ?
കൈകള്‍ കൂപ്പിയിതാ മക്ക ള്‍ കേഴുന്നു;
ഞങ്ങടെ അമ്മെനെ ഒന്നും ചെയ്യല്ലേ.

നിങ്ങള്‍ ഗര്‍ഭത്തിൽ ഉരുവായപ്പോളാ
ഗര്‍ഭത്തിൽ ഛിദ്രം ചെയ്തീടാനായ്‌
നിങ്ങടെ അമ്മെനെ നിര്‍ബന്ധിച്ചീടിൽ
സാറുമ്മാരിന്ന് ഈ നിലയിൽ വരുമോ?

കല്ബാ കുരയ്ക്കുന്നു മൈന ചിലയ്ക്കുന്നു.
അണ്ണാന്‍ കരയുന്നു കുഞ്ഞാടിൻ തേങ്ങൽ.
മറിയം വളര്‍ത്തിയ മൃഗപക്ഷികളൊന്നായി
അവളുടെ തുണയായി കച്ചിപ്പുര മുമ്പില്‍.

കാര്‍മേഘം തിങ്ങി  സുര്യനിരുണ്ടപ്പോ ള്‍
ആകാശക്കണ്ണീര്‍ മഴയായിയെത്തുന്നു.
മൃഗസ്നേഹം ചൊല്ലും കമ്മീഷന്മാര്‍ക്കോ
മൃഗസ്നേഹം പോലും മനുഷ്യനോടില്ലലോ?.

പ്രകൃതിക്കോപമിതാ   ചൂളക്കാറ്റായി,
പെട്ടെന്നിരുള്‍ പൂണ്ടു  കമ്മീഷൻ  പോയി.
പോകും വഴിയിലിതാ, ആട്ടുമ്മായൊപ്പം
കുട്ടികളഞ്ചെണ്ണം    കമ്മീഷൻ കണ്ടു.

ജനസംഖ്യ കുറയ്ക്കാന്‍ ഗര്‍ഭെ ഛിദ്രങ്ങ ള്‍.
മൃഗസംഖ്യയ്ക്കായി  ഓതുമോയീതന്ത്രം?.
കാക്കയ്ക്കും കുഞ്ഞ് പൊൻ കുഞ്ഞാണല്ലോ.
മനുജനു തൻ കുഞ്ഞ് പന്നകുഞ്ഞാണോ?.

കുട്ടികള്‍ രണ്ടാക്കാൻ ഇന്നുപറഞ്ഞവരോ
നാളെയതൊന്നാക്കാന്‍ ആജ്ഞാപിച്ചീടും.
പിന്നെയതും വേണ്ടാ, ഭര്‍ത്താവും വേണ്ടാ
പത്നിയതും വേണ്ടാ, പന്നി സംസ്ക്കാരം.

ഗോവധ നിരോധനം ഉദ്ഘോഷിപ്പവരേ
ശിശുവധ നിരോധനം പറയാൻ നാവില്ലേ?.
ലോകം മുഴുവനുമെ നേടിയെടുത്താലും
മക്കള്‍ വേണ്ടെന്ന് കരുതുന്നേൽ ശൂന്യം.

സൃഷ്ടിയില്‍ നിലനില്‍ക്കും സന്തുലമാം  രീതി
കാത്താല്‍ കുലമൊന്നും പെരുകില്ലാധിക്യം.
സന്തുലരീതിയ്ക്കായ്‌ കൊലയല്ലാ മാര്‍ഗ്ഗം;
പ്രകൃതിയ്ക്കായ്‌ ചേരും മാര്‍ഗ്ഗം തേടേണം.

ദാണ്ടെ വരുന്നല്ലോ വിരമിച്ചൊരു വക്കീല്‍
കൂട്ടായ്നായ്ക്കുട്ടി കൈയ്യിൽ ചങ്ങലയും.
ഈ സ്ഥിതിയാണിന്നേൽ  മൂന്നാം സന്താനം
പാടില്ലെന്നാകില്‍, മൂത്തവര്‍ നായ്ക്കൂട്ടിൽ.

മക്കളുമമ്മയുമായി വീണ്ടും ചര്‍ച്ചയിതാ
മൂന്നാം സന്താനം പാടില്ലെന്നാകിൽ?.
താമാ തോമായും പള്ളിയിലെത്തിയിതാ
അച്ചാ, വാവായെ ഇവിടെ വളര്‍ത്താമോ?

കുട്ടികളുടെ ദുഃഖം കണ്ടലിവായോരാ
പള്ളിയിലച്ചനുമെ, കമ്മീഷന്നിരകള്‍.
ആരോരില്ലാത്താ  കുട്ടികളെ മാത്രം
അനാഥാലയമതിലെ  വളര്‍ത്താനാവുള്ളൂ.

പള്ളിക്കെതിരായി നീങ്ങും കമ്മീഷന്‍
ക്രൂരതനിയമങ്ങള്‍ ഉടനടി കൊണ്ടുവരും.
ആരും തുണയില്ലാ അച്ചാ, വാവായ്ക്ക്,
പള്ളിയിലെങ്കിലുമെ കൈക്കൊളളണമിവരെ.

സത്യത്തിന്‍ സ്വരമായി ഉയരരുതെ പള്ളി
എന്നൊരു നീക്കത്തിന്‍ പടനീക്കങ്ങളിതാ.
ചെറുപിഴപോലുമവര്‍ പര്‍വ്വതരൂപത്തിൽ
കൊണ്ടുവരുന്നുണ്ടേ പള്ളിക്കെതിരായി.

പള്ളിയോടൊപ്പമിതാ പള്ളിക്കൂടങ്ങള്‍
മറ്റുമതങ്ങളിതാ ഇല്ലാതായീടിൽ
തോന്ന്യാസം ചെയ്യാം എന്നൊരു ലക്ഷ്യത്തിൽ
തേരു നയിക്കുന്നു ശത്രുക്ക ള്‍ കൂട്ടം.

മക്കളെ നിങ്ങളിനി അമ്മെ നോക്കാനായി
പാഠം നിര്‍ത്തിയിതാ  പണിചെയ്തീടേണ്ട.
ആഹാരക്കാര്യം പള്ളി നോക്കീടാം
പാഠം ഉള്‍ക്കൊണ്ട്‌  ഉയരണമെന്നച്ചൻ.

ഈശോയുടെ പള്ളി തുണയായുണ്ടമ്മേ.
വാവാ വളരട്ടെ  അനാഥയവേഷത്തിൽ.
അമ്മയ്ക്കാവില്ല കുഞ്ഞിനെ വേര്‍പിരിയാൻ
കുഞ്ഞിനുമാവില്ല  അമ്മെ വേര്‍പിരിയാൻ.

ഒരു വഴിയുണ്ടമ്മേ  ഞങ്ങളൊരാള്‍പോകാം
അനാഥയവേഷത്തിൽ  മക്ക ള്‍ ‘രണ്ടാകാൻ’ .
അമ്മയ്ക്കൊപ്പമിവര്‍ വാണിവിടം വരെയും
വാവായ്ക്കിപ്പോഴോ  അമ്മയെ ആവശ്യം.


താമായ്ക്കൊപ്പമിതാ തോമായും ചൊല്ലി
ഞാന്‍ പോകാമമ്മേ  മക്കള്‍ ‘രണ്ടാകാന്‍’.
ഏറ്റക്കുറവില്ല  മക്കളിലമ്മയ്ക്ക്
ആവുന്നോളം ഞാൻ മക്കളെ  ഊട്ടീടും.

ഇനിയെന്താ മാര്‍ഗ്ഗം  ഞങ്ങളിലൊരുവനിതാ
മരണം പുല്കീടിൽ മക്ക ള്‍ ‘രണ്ടാകും’.
ദൈവത്തില്‍ നിന്നും വിളി വന്നീടാതെ
സ്വയമേ ചാകീടില്‍ അത് തെറ്റല്ലമ്മേ?.

മക്കളെയിരുവരെയും മാറില്‍ ചേര്‍ത്തമ്മ
കരയുന്നത് കണ്ടോ? ആരിതു താങ്ങീടും?.
കണ്ണീര്‍ദിവസങ്ങള്‍ തള്ളിയവർ നീക്കി.
പേറിന്‍ നോവുകളാൽ കരയുന്നാവീട്.

പരമരഹസ്യമതായി കാക്കും അമ്മയ്ക്കായി
ആരെ വിളിച്ചീടും  കുട്ടികള്‍ നിസ്സഹായര്‍.
പേറിന്‍ വേദനയാൽ പുളയുന്നമ്മയ്ക്കായി
പള്ളിയിലേയ്ക്കായി കുട്ടികളോടുന്നു.

കാശില്ലേലുമവര്‍ ഓട്ടോയിൽ കയറി
അപകട ലൈറ്റിട്ടു ശീക്രം പോയീടെ
പാഞ്ഞു വരുന്നയ്യോ  കമ്മീഷൻ വണ്ടി
‘സെന്‍സെസ്സോട്ടത്തിൽ’  മക്കളെ ‘രണ്ടാക്കാന്‍’.

കാലന്‍ പായും പോൽ വന്നോരാവണ്ടി
ഓട്ടോയെ തട്ടി  ആറ്റിൽ ചാടിച്ചു.
കമ്മീഷന്‍ വണ്ടി ചീറിപ്പാഞ്ഞല്ലോ
മുങ്ങി മരിച്ചല്ലോ കുട്ടികളിരുവരുമെ.

കമ്മീഷന്‍സംഘം ജയിലിലടച്ചോരാ
യൌസെപ്പാനാളില്‍ പരോളിൽ വന്നീടെ
മുങ്ങിമരിച്ചെന്ന് കേട്ടോടിച്ചെന്നു
വാരിയെടുത്തപ്പന്‍ അലമുറയാൽ തേങ്ങി.

പേറിന്‍വേദനയാൽ സമനില തെറ്റുമ്പോ ള്‍
മറിയം കാണുന്നു  ആള്‍ക്കൂട്ടം വീട്ടിൽ.
കച്ചിയ്ക്കുള്‍ക്കീഴെ പാത്തവ ള്‍  നോക്കീടെ
യൗസേപ്പിൻ മാറിൽ വെള്ളയുടിപ്പിട്ടോർ.

പെരുവയറും താങ്ങി അവളുടനെഴുന്നേറ്റു
ചോരപുരണ്ടോരാ കച്ചിപ്പാവിട്ട്.
താമാ, തോമായെ, നിലവിളിയോടമ്മ
മുറ്റത്തെത്തീടെ  ജനമോ സ്തംഭിച്ചു.

അമ്മത്തേങ്ങലതിൽ അലമുറയായ്ക്കൂട്ടം;
സൃഷ്ടകുലം കേണു  കണ്ണീര്‍മഴപ്പെയ്തു.
കൊടിയൊരു കാറ്റായി  പുഴ തിന്നു, കരയെ.
വൃക്ഷം കടപുഴകി  നോവാൽ ഭൂചലനം.

ഒരുവള്‍ കൈയ്യിലിതാ പത്രമവള്‍ക്കണ്ടു;
ഉന്നത ബിരുദമിതാ കമ്മീഷന്‍ ‘തലയില്‍’.
തലയിലിടിത്തീപോൽ ക്രൂരതമാം വാര്‍ത്ത‍
ശിശുവധവാദിക്കോ  ബിരുദത്തിൻ ദാനം?.

ഗര്‍ഭത്തിൽ ഛിദ്രം ഉപദേശിപ്പോര്‍ക്കായി
ബിരുദം നല്കീടില്‍ കാട്ടാളൻ നീതി.
പക്ഷിയെ എയ്തതുമെ ഗൌരവ തെറ്റെങ്കിൽ
ഗര്‍ഭത്തിൽ ഛിദ്രം  ബിരുദം നല്കിടുമോ?

കുട്ടികള്‍ രണ്ടാകാൻ പലമുറ ഉറകളിതാ
കൈമാറുന്നവന് ഉന്നത ബഹുമതിയോ?
ഉന്നത ബിരുദങ്ങള്‍ ഇങ്ങനെ കൈമാറും
കലാലയമതിനാലെ കൊലാലയമാണല്ലോ.

കുട്ടികള്‍ മൂന്നായാൽ പീഡനമേകേണം
എന്നുരചെയ്‌വോനോ ജ്ഞാനത്തിന്‍പീഠം?.
ഓടക്കുഴലാരും നല്കില്ലെന്നോര്‍ക്കൂ
ഹിംസയ്ക്കുപദേശം നല്‍കും കംസന്നായ്.

അഹിംസാഗാന്ധിയുടെ അനുയായികളിന്ന്
ശിശുവധവാദികളായി അഭിമുഖമേകുന്നോ?.
തന്നുളളില്‍വച്ചു  തന്‍ സന്താനത്തെ
കൊല്ലിച്ചീടിലതു സ്ത്രീ സംരക്ഷണമോ?.

ദൈവത്തിന്‍ നാടോ സാത്താനുടെ നാടോ
കേരളയിടമിന്ന് ചൊല്ലൂ നാട്ടാരേ?.
ഭ്രാന്താലയമെന്ന് ആരുവിളിച്ചിതിനെ
ആ വിളി ഇന്നിപ്പോ ള്‍ സത്യമതായല്ലോ.

കബറിടയാത്രയതിൽ അവളിലൊരാഗ്രഹമേ;
കുഞ്ഞിനെയെന്മാറിൽ താങ്ങാമീയുള്ളോ ള്‍.
വയറില്‍ വാവായും മാറിൽ  മൃതകുഞ്ഞും;
യൌസെപ്പിന്‍ തോളിൽ താമാമൃതകുഞ്ഞും.

ഉത്ഥിതനീശോതന്‍ സ്ലീവാ പിന്നിലതായി
മൃതകുഞ്ഞിനെയേന്തി സഹനത്തിന്നമ്മ.
പ്രസവത്തിന്‍ നോവാൽ  രക്തം പോകുന്നു.
ഉടുതുണിയിപ്പോഴോ  ചോരക്കുപ്പായം.

തടവറ പീഡകളാല്‍ ആസ്മാ പിടിപെട്ട
യൌസെപ്പേന്തുന്നു  തോളിൽ മൃതകുഞ്ഞായ്.
റാമ്സാ നാട്ടിലെയാ കൂട്ടം മുഴുവനുമെ
പിന്നില്‍ നീങ്ങുന്നു വിലാപക്കണ്ണീരാല്‍.

പോകുംവഴി മുഴുവൻ മരണത്തിൻ മൗനം.
അപ്പോള്‍ മൈതാനെ കോളാമ്പിതുള്ളൽ.
വനിതാ സംരക്ഷണ കോഡിന്‍ മുഖ്യനിതാ
ബിരുദത്തിൻ ദാനം  കാണ്മൂ ബാനറിലായി.

അതുകണ്ടൊരുനേരം മറിയം നിശ്ചലയായി
യോഗപ്പുര നോക്കി  നീങ്ങി ശക്തിയൊടെ.
മാറില്‍ മൃതകുഞ്ഞ്  വയറിൽ വാവായും
ചോരക്കുപ്പായം  സദസ്സുടനെഴുന്നേറ്റു.

രക്തത്തില്‍ നീങ്ങും  മറിയത്തെ കണ്ട്
ഹൃദയം  സ്തംഭിച്ചു  യൗസേപ്പ് വീണല്ലോ.
യൗസേപ്പിൻ തലയോ  തൻമടിയില്‍വച്ചു
മുത്തം നല്കിയവ ള്‍ യാത്രാമൊഴി ചൊല്ലി.

കൈയിൽപ്പൂച്ചെണ്ടായി ആശംസകളേകാൻ
വന്നോര്‍ നിശ്ചലരായി മൃതരെപ്പോലപ്പോള്‍.
ഇരുമാറില്‍ താങ്ങി  മൃതകുഞ്ഞുങ്ങളുമായി
മറിയം മെല്ലെയിതാ പീഠത്തിൽ കയറി.

‘കുട്ടികള്‍ രണ്ടു മതി’ നിയമം നിര്‍മ്മിച്ച,
ഗര്‍ഭത്തിൽ ഛിദ്രം ചെയ്യാനുരുവിട്ട,
കുട്ടികള്‍ മൂന്നായാൽ ശിക്ഷകളുരുവിട്ട,
സാറിനിരിക്കട്ടെ എന്നുടെ ഈ പൂക്കള്‍.

ഇതു ചൊല്ലീട്ടവളോ മൃതനാം കുഞ്ഞിനെയാ
സാറിന്‍ കൈകളിലായി വച്ചു കൊടുത്തീടെ
തലചുറ്റി മറിയം വീണാപ്പീഠത്തിൽ
കംസന്‍ ബിരുദത്തിൻ   ഉന്നതപ്പീഠത്തിൽ.

പ്രസവിച്ചവളുടനെ മൂന്നാം വാവായെ
‘മൂശേ’ പിറന്നല്ലോ  രക്തപ്പുഴയതിലായി.
കുഞ്ഞിന്‍ തേങ്ങലതിൽ  തേങ്ങിയെല്ലാരും
മറിയമുണര്‍ന്നല്ലോ  മാറിൽ ചേര്‍ത്തവനെ.

മാറില്‍ പാലില്ല, ചോര നുണഞ്ഞാമോൻ .
സ്ലീവായേന്തിയൊരാ കൂട്ടത്തെകാട്ടി
മറിയം മകനോടായി  ചൊല്ലി  ‘ഇതു പള്ളി’
ഇതു താൻ നിന്നമ്മ  അവള്‍ തല ചായിച്ചു.

ആലാഹാ കേട്ടു  രക്തത്തിൻ തേങ്ങൽ.
സുര്യനു ചോരനിറം  ഇടിയും തീമഴയും
കമ്മീഷന്‍ മുഖ്യൻ നെഞ്ചിൽ കൈവച്ച്
വീണാപ്പീഠത്തിൽ സ്ത്രീപ്പാദത്തിങ്കൽ.

‘സ്ലീവായേന്തിയവര്‍‘ പീഠത്തിൽ വന്നു.
രക്തത്തില്‍ നിന്നും കരയും കുഞ്ഞിനെയാ
ഇടയനെടുത്തീടെ  മറ്റുള്ളോർ വന്ന്
മൃതദേഹം താങ്ങി  കബറിൻ യാത്രയിതാ.

സദസ്സിലെയെല്ലാരും കബറിൻ യാത്രയിലായ്.
കമ്മീഷന്‍പ്പീഠം, മനുഷ്യക്കുരുതിയിടം.
ചോരപ്പീഠത്തിൽ കമ്മീഷന്‍ മാത്രം;
ഗര്‍ഭച്ഛിദ്രത്തിൻ   ‘പുരസ്കാരം‘ വാങ്ങി.
(തുടരും...)

അടുത്ത വര്‍ഷത്തെ ഗര്‍ഭഛിദ്ര പുരസ്കാരം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സ്‌ തിരിയട്ടെ എന്ന് മദ്ബെഹായിൽ ഓര്‍ത്തുകൊണ്ട്‌ ഉത്ഥിതനീശോയിൽ സ്നേഹപൂര്‍വ്വം സ്ലീവാദയ്റായാ.

No comments:

Post a Comment