Tuesday 13 September 2011

യാക്കോബായ, ഓര്‍ത്തഡോക്സ് ബാവാമാരേ,


കര്‍ത്താവീശോയില്‍ സ്നേഹമുള്ള യാക്കോബായ, ഓര്‍ത്തഡോക്സ് ബാവാമാരേ,

മേല്പട്ടക്കാരായി  ബഹുമാനപ്പെട്ട നിങ്ങളെ  തിരഞ്ഞെടുത്ത ആലാഹയ്ക്ക് നിങ്ങളോടൊപ്പം, ഞങ്ങളും നന്ദി  പറയുന്നു. ബാവാ-പട്ടത്തെ ബഹുമാനിച്ചു  നിങ്ങളില്‍ ഈശോ മ്ശിഹായെക്കണ്ട് ഞങ്ങളും ചൊല്ലുന്നു.

ഈശോ മ്ശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

നിങ്ങള്‍ക്ക് ഈ കത്തയക്കാനുള്ള യോഗ്യത   ഞങ്ങള്‍ക്കില്ല.  രണ്ട് ബാവാമാരുടെയും മക്കള്‍ പരസ്പരം തമ്മിലടിച്ചു ചാകുന്നത് കാണാന്‍, ചിലര്‍  അകത്തും പുറത്തും ഉണ്ടെങ്കിലും, അത് തിരിച്ചറിയാനാവാതെ നടുറോഡില്‍, ആരുടെയൊക്കെയോ കുതന്ത്രത്തിനു വഴങ്ങി, നിങ്ങള്‍ ഉപവസിക്കുമ്പോള്‍, പഴയകുറ്റില്പെട്ട ചില  നസ്റായക്കാര്‍, ആത്മാര്‍ഥമായ വേദനയോടെ ഈ വര്‍ത്തമാന പുസ്തകം കുറിക്കുന്നു. സത്യം വേദനയേകുമെന്നതിനാല്‍  ക്ഷമിക്കുമല്ലോ.


ഏഴു എഴുപതു ക്ഷ്മിച്ച കര്‍ത്താവിന്‍റെ സ്ഥാനത്തു സഭയില്‍ വാഴുന്ന മേല്പട്ടക്കാരില്‍ നിന്ന്, സ്വന്തം മക്കള്‍ തെരുവിലിറങ്ങി തല്ല് പിടിക്കാതിരിക്കാനുള്ള ഉപദേശം ക്ഷമാപൂര്‍വം നല്‍കുന്നതിനുപകരം, ഈ ഉപവാസം, തല്ല് പിടിച്ചേ പോകു എന്ന് വാശി പിടിക്കുന്ന ചിലരുടെ വാസന കൂട്ടില്ലേ?. ശത്രുവിനുപോലും അനുഗ്രഹം കൊടുക്കേണ്ട ആ വിശുദ്ധ കരങ്ങളെ ആരാണോ ഇങ്ങനെ റോഡിലേക്ക് ഇറക്കിവിട്ടത്? ബാവാമാരേ, സമാധാനമായ ഉത്ഥിതനീശോയുടെ അടയാളമായി  കൈസ്ലീവായേന്തുന്ന നിങ്ങളുടെ ഇപ്പോഴത്തെ റോഡിലുള്ള സാന്നിദ്ധ്യം അസ്സമാധാനത്തിന് ഇടം കൊടുക്കാതിരിക്കട്ടെ.

നിങ്ങള്‍ ഇവിടെ ബലിയാടുകളായി മാറ്റപെടുന്നു. ആരാണോ ഇങ്ങനെ പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് ഉപദേശം തന്നത്? ഈ ഉപദേശം തന്നവരുടെ ഇങ്ങനെയുള്ള ഉപദേശം, ദയവായി ഇനിയെങ്കിലും കേള്‍ക്കല്ലേ. തമ്മിലടിപ്പിച്ച് ഈ കുലം അറം പറ്റിക്കാന്‍ അകത്തും പുറത്തും ആളുള്ളപ്പോള്‍ നസ്രാണികളെ, തമ്മിലടിക്കരുതേ; ആരെയും തമ്മിലടിപ്പിക്കരുതേ.


1600 വര്‍ഷങ്ങള്‍ ഒന്നിച്ച് ഒരേ പുരാതന പൌരസ്ത്യ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യത്തില്‍ കഴിഞ്ഞ നമ്മള്‍ പോര്ച്ച്ഗീസ് വന്ന കാലംമുതല്‍, അവര്മൂലം ഭിന്നിക്കപെട്ടന്നു മനസ്സിലാക്കിയിട്ടും അവര് പോയിക്കഴിഞ്ഞിട്ടും ആ ഭിന്നിപ്പ്‌ തുടരുന്നത് ഒരമ്മയുടെ മക്കള്‍ക്ക്‌ ഒട്ടും ചേര്‍ന്നതല്ല.


ഒരുമിച്ച് ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍, തമ്മില്‍ തീരാത്ത അടികള്‍ പമ്പ കടക്കും. മുഴുവന്‍ യാക്കോബായ, ഓര്‍ത്തഡോക്സ് മേല്പട്ടക്കാരും പ്രതിനിധികളും   ഒരുമിച്ച് ഒരാഴ്ച്ച, മദ്ബഹായുടെ മുമ്പില്‍, സഹോദര സഭയിലെ ഒരു കത്തനാരെ വിളിച്ചു നന്നായി ഒന്ന് പരിശോധന നടത്തിയാല്‍, ഉത്ഥിതനീശോ വന്ന് നമ്മെ ഐക്യപ്പെടുത്തും. പ്രഥമവും പ്രധാനവുമായി ഉത്ഥിതനീശോയുടെ നാമത്തില്‍ ചര്‍ച്ച നടത്തുക.


ഈ റോഡ്‌ കിടപ്പില്‍, ശത്രുത ബാക്കി വെച്ച്, നമ്മള്‍ മരിച്ചുപോയാല്‍ സ്വര്‍ഗ്ഗത്തിലെത്തുമോ? ഈ റോഡില്‍കിടന്നുള്ള സമരം സഭയ്ക്ക് ഗുണമാകുമോ, നാണക്കേടാകുമോ? കര്‍ത്താവിനും സഭയ്ക്കും നാണം വരത്തക്ക വിധത്തില്‍ നമ്മള്‍ ഒന്നും ചെയ്യാതിരിക്കാന്‍ പരസ്പരം പ്രാര്‍ത്ഥിക്കാം. നില്‍ക്കുന്നവര്‍ വീഴാതിരിക്കാന്‍ പരസ്പരം പ്രാര്‍ത്ഥിച്ച് സഹായിക്കാം. ആര്‍ക്കും വീഴാമല്ലോ?


 നാളെ മറ്റെവിടെയെങ്കിലും ഒരു ലഹള ഉണ്ടായാല്‍ ബാവാമാര്‍ക്ക് ഉപദേശമായി എന്തെങ്കിലും പറയാനാകുമോ? സ്വന്തം സഭാമാക്കള്‍ ഇങ്ങനെ തമ്മിലടിക്കുന്നത് കണ്ട് നമ്മുടെ കര്‍ത്താവിന് എന്ത് മാത്രം ദുഖമായിരിക്കും? സഭയിലെ ചിലരുടെ ഇങ്ങനത്തെ, നസ്രായക്കാര്‍ക്ക് ചേരാത്ത പ്രകടനം കണ്ട്, ഈശോയുടെ- ശ്ലീഹന്മാരുടെ സഭയെ മൊത്തത്തില്‍ തെറ്റിദ്ധരിച്ച് കാണരുതേ, മറ്റ് സഭാ മക്കളെ, മറ്റ് മനുഷ്യരെ. ഉത്ഥിതനീശോയുടെ, തിരുസഭയുടെ നാമം ഇങ്ങനെ കളങ്കപ്പെടുത്തിയത്തില്‍ മാപ്പ് ചോദിക്കുന്നു.
ഇങ്ങനെ റോഡില്‍ക്കിടന്നു സമരം നടത്തി, വിജയം നേടി, അങ്ങനെ സ്വന്തം സഹോദരങ്ങള്‍ക്കെതിരെ നേടിയ വിജയത്താല്‍, ഒരു പള്ളി കിട്ടി കുര്‍ബാന അര്‍പ്പിച്ചാല്‍, അത്, ശത്രുവിനോടുപോലും ക്ഷമിച്ചിട്ട് വന്ന് കുര്‍ബാനയില്‍ പങ്കാളിയാകാന്‍ പറഞ്ഞ, ഈശോ മ്ശിഹായുടെ കുര്‍ബാനയോട് നീതി പുലര്‍ത്തുമോ?.


ഒരു പള്ളി ഇങ്ങനെ പോയാല്‍, സ്വന്തം സഹോദരങ്ങളല്ലേ  കൊണ്ടുപോയത് എന്ന്‍ ചിന്തിക്കാത്തതെന്തുകൊണ്ട്‌? ഒരേ രീതിയിലല്ലേ  നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്?  ഒരേ കുര്‍ബാനയല്ലേ  നാം ചൊല്ലുന്നത്? ഒരേ അപ്പമല്ലേ നാം ഭക്ഷിക്കുന്നത്? കുര്‍ബാനായായി നമ്മില്‍ വന്ന അതെ ഉത്ഥിതനീശോ,  കുര്‍ബാനായായി  സഹോദരങ്ങളില്‍  ചെല്ലുന്നുണ്ട് എന്ന ബോദ്ധ്യം ഉണ്ടെങ്കില്‍ തമ്മില്‍ അടിക്കുമ്പോള്‍ ഉത്ഥിതനീശോക്ക് ആ അടി ഏല്ക്കുന്നു എന്നോര്‍ത്താല്‍ പിന്തിരിയാന്‍ ഇനിയും സമയമുണ്ട്.

 അടിച്ചും പിടിച്ചും ഒരു പള്ളി, അതും സ്വന്തം സഹോദരങ്ങളില്‍ നിന്ന് വാങ്ങി, സ്വസ്ഥ്തതയോടെ  അവിടെ കുര്‍ബാന അര്‍പ്പിക്കാന്‍, ഒരു സത്യവിശ്വസിക്കാകുമോ?. ബാവാമാരെ, ഇങ്ങനെയുള്ള ഉപവാസത്തിന് നിങ്ങളെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചു മോശമായി  വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍  നസ്രാണികള്‍ക്ക് മുഴുവനുമാണ് നാണക്കേട്‌. വടി നീട്ടി അടി വാങ്ങണോ?. നമ്മള്‍ മൂലം അകത്ത് നിന്നും പുറത്ത് നിന്നും കര്‍ത്താവിന്റെ സഭയെ അടിക്കാന്‍ വടി നീട്ടി കൊടുക്കരുതേ.

 ബഹളമുണ്ടാക്കുമെന്നു കരുതുന്ന,ഇങ്ങനെയുള്ള പള്ളികള്‍ അടിച്ചും പിടിച്ചും വാങ്ങുന്നതിലും ഉപരി, കാലിത്തൊഴുത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതല്ലേ ഭേദം? മനുഷ്യപുത്രന് കാലിത്തൊഴുത്തില്‍ പിറക്കാമെങ്കില്‍, സ്വന്തം സഹോദരങ്ങള്‍ക്ക് ഒരു പള്ളി വിട്ടുകൊടുത്തിട്ട്, തങ്ങളുടെ ശുശ്രുഷയിലുള്ള വിശ്വാസികള്‍ അവിടെ ഉണ്ടെകില്‍, ഒരു കൊച്ചുപുര പുതിയതായി കെട്ടി, വിശ്വാസം ഉള്ളവര്‍ കുര്‍ബാന ചൊല്ലട്ടെ. അതല്ലേ, ശരിയായ വിശ്വാസം. അതായിരിക്കും ഇത്തരണത്തില്‍ കര്‍ത്താവിന് പ്രീതികരമായ കുര്‍ബാന. അങ്ങനെയുള്ള പള്ളിയാണ് ഉത്ഥിതനീശോയ്ക്ക് ഇത്തരുണത്തില്‍ ഇഷ്‌ടം.

എന്തെയാലും, ദയവായി ഈ തെരുവ് പ്രകടനങ്ങള്‍ നിര്‍ത്തി, മദ്ബഹായുടെ മുന്‍പാകെ  മൌനമായി രണ്ട് ബാവാമാരും കൂട്ടരും ധ്യാനിക്കുക. നമ്മുടെ പാപങ്ങള്‍  ദൈവത്തിന് ക്ഷിക്കാമെങ്കില്, നമുക്ക്  നമ്മുടെ സഹോദരങ്ങളോട് എങ്കിലും ക്ഷമിച്ചുകൂടെ? പിന്നെ എങ്ങനെ നാം ശത്രുക്കളോട് ക്ഷമിക്കും?


 പഴയകുറ്റിനോടോപ്പം, 2000 വര്‍ഷം, ഒരേ പുരാതന പൌരസ്ത്യ ആറാമായാ (സുറിയാനി - സുറിയായാ) വിശുദ്ധ പാരമ്പര്യം, ഉള്ള ഒരു സഭ നശിച്ച് പോകുന്നത് കാണാന്‍ വയ്യാ. ഇങ്ങനെയുള്ള അടികള്‍ മൂലം നമുക്ക് സ്വയം നശിക്കാതിരിക്കാം. ഉപവാസങ്ങള്‍ നല്ല കാര്യങ്ങള്‍ക്കായി നടത്തുക.

മക്കളെ, നമുക്ക്‌ നമ്മുടെ സഹോദരങ്ങള്‍ക്ക്, നമ്മള്‍ ഒരുമിച്ചു വിളിക്കുന്ന നമ്മുടെ ഈശോയുടെ ഈ പള്ളി വിട്ടു കൊടുക്കാം. ഇവിടെയുള്ളവര്‍ക്ക് ഈ പള്ളിയില്‍  ഇപ്പോള്‍ കുര്‍ബാനയില്‍ പങ്കാളിയാവാന്‍ പറ്റിയില്ലേല്‍,അടുത്ത പ്രദേശത്ത് ഒരു കൊച്ചു പള്ളി പണിയാം. തല്ല് പിടിച്ചു നമുക്ക്‌ ഒരു പള്ളിയും വേണ്ട. നമ്മുടെ ഒരു പള്ളി, സഹോദരങ്ങളുടെ കൈയ്യില്‍ ഇരിക്കുന്നത് നമ്മുടെ കൈകളില്‍ ഇരിക്കുന്നത് പോലെയാണ് എന്നോര്ക്കാം. എല്ലാം നമ്മുടെ എല്ലാവരുടെയും ആയിരുന്നല്ലോ. ഒരുനാള്‍,  സഹോദരങ്ങളായ നമുക്കൊരുമിച്ച് ഈ പള്ളിയില്‍, ഒരേ കുര്‍ബാനയില്‍ പങ്കാളിയാകാന്‍ ഇടവരട്ടെ; എന്ന് ഏതുബാവാ ആദ്യം പറയുന്നുവോ ആ ബാവായുടെ നാമം സ്വര്‍ഗത്തിലും ഭുമീയിലും മഹത്ത്വപ്പെടും.

ഇത്  പറഞ്ഞ ശേഷം സമാധാനമായ ഉത്ഥിതനീശോയുടെ അടയാളമായി, ബാവാമാര്‍ വഹിച്ചിരിക്കുന്ന  കൈസ്ലീവാ പരസ്പരം ബാവാമാരും സര്‍വ്വമക്കളും ചുംബിച്ചു സമാധാന ത്തോടെ പോവുക. ഉത്ഥിതനീശോയുടെ നാമത്തില്‍ നല്ല മനസ്സോടെകത്തിനെ സ്വീകരിക്കുമല്ലോ. നന്ദി.

 (ദയവായി ഈ കത്ത്‌, ബാവാമാര്‍ വായിച്ചറിയാന്‍, സമരപന്തലില്‍ ആരെങ്കിലും നല്‍കണമേ.)

പരിശുദ്ധനായ ബാവായേ, ഞാനും നീയും ഒന്നായിരിക്കുന്നതുപോലെ ഇവരും ഒന്നായിരിക്കേണ്ടതിന് നിന്‍റെ തിരുനാമത്തില്‍ ഇവരെ ഒന്നിപ്പിക്കണമേ എന്ന് പ്രാര്‍ത്ഥിച്ച, നല്ലയിടയനീശോയുടെ  മനോഭാവത്തില്‍ കുര്‍ബാനയില്‍ നിങ്ങളെ  ഓര്‍ക്കുന്നു. (തുടരും ...)

3 comments:

  1. ഇങ്ങനെ റോഡില്‍ക്കിടന്നു സമരം നടത്തി, വിജയം നേടി, അങ്ങനെ സ്വന്തം സഹോദരങ്ങള്‍ക്കെതിരെ നേടിയ വിജയത്താല്‍, ഒരു പള്ളി കിട്ടി കുര്‍ബാന അര്‍പ്പിച്ചാല്‍, അത്, ശത്രുവിനോടുപോലും ക്ഷമിച്ചിട്ട് വന്ന് കുര്‍ബാനയില്‍ പങ്കാളിയാകാന്‍ പറഞ്ഞ, ഈശോ മ്ശിഹായുടെ കുര്‍ബാനയോട് നീതി പുലര്‍ത്തുമോ?.

    Exactly......

    ReplyDelete
  2. upavasathinte meaning roadil kidannu niraharam irikkunnathalla mishihayode kude vasikkunnathanannu manasilakkan onnikkan nammaku prathikkam .... achanu othiri nanni

    ReplyDelete