Monday, 28 November 2011

കുടിവെള്ളത്തിന് സഹോദരന്റെ മരണമണം- മുല്ലപെരിയാര്‍

കുടിവെള്ളത്തിന് സഹോദരന്റെ മരണമണം- മുല്ലപെരിയാര്‍.

മുല്ലപെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ വൈകിയാണെങ്കിലും തീരുമാനം കൈകൊണ്ടില്ലെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുംമെന്ന് പ്രകൃതി സൂചന തന്നിട്ടും നാം ഇനിയും വൈകുന്നോ?

അതിനോട് ചേര്‍ന്ന്‍ താമസിക്കുന്ന ജനത്തെ ആത്മാര്‍ത്ഥമായി ഒന്നോര്‍ത്താല്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും?

ലക്ഷം ജനങ്ങള്‍ തങ്ങള്‍ക്ക് നേരിടാന്‍ പോകുന്ന അവസ്ഥയില്‍ മരണഭീതിയില്‍ കഴിയുമ്പോള്‍ മുല്ലപെരിയാര്‍ വിഷയം ചര്‍ച്ചകള്‍ക്ക്‌ മാത്രം എടുത്തു അവസാനിപ്പിക്കുന്ന ചിലരെയൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നു.

സഹോദരങ്ങള്‍ മരണഭീതിയില്‍ കഴിയുമ്പോള്‍ ചര്‍ച്ചകള്‍ പാഞ്ഞുപാഞ്ഞു നടത്തി തീരുമാനം എടുക്കാതെ പോകുന്നത് തന്നെ അവരോടുള്ള പരസ്യകളിയാക്കലല്ലേ.

ചാകാന്‍ നില്‍ക്കുന്നവനെ കാക്കേണ്ടതിനു പകരം, അവനെ കാക്കാം എന്ന് പറഞ്ഞു എന്നും പറ്റിക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ച് തീരുമാനം എടുക്കണം. 

പരസ്പരം കെട്ടവാക്കുകള്‍ പറഞ്ഞു തമ്മിലടിച്ചു തീരാതെ ഒന്നിച്ച് മുല്ലപെരിയാര്‍ സംരക്ഷണ മതില്‍ കെട്ടണം.
ഇത് സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമാണ് എന്ന് കരുതരുത്. ഇന്ത്യാരാജ്യത്തിലെ ലക്ഷം ജനങ്ങള്‍ ഡാം പൊട്ടിയാല്‍ മരണമടയും എന്ന്‍ തിരിച്ചറിഞ്ഞാല്‍ മനുഷത്തമുള്ള ഒരു ഭരണാധികാരിക്കും, കേന്ദ്രത്തിലെയാകട്ടെ; സംസ്ഥാനത്തിലെയാകട്ടെ, അതിവേഗം തീരുമാനം എടുക്കാതെ ഉറങ്ങാനാവില്ല.
കേരളവും തമിഴ്നാടും തമ്മിലുള്ള ഒരു വടംവലിയായി ഇതിനെ കാണരുത്. അങ്ങനെയുള്ള സമീപനവും ഡാം പൊട്ടുന്ന പോലുള്ള അവസ്ഥ ഉണ്ടാക്കും.


ജലക്ഷാമം ഉള്ള തമിഴ്നാടിനായി ജലം നല്‍കാം എന്ന് ഉറപ്പ്‌ കേരളം നല്‍കി സുരക്ഷാമതില്‍ പണിയാന്‍ ആഗ്രഹിച്ചിട്ടും അതിന് തമിഴ്നാട് ഭരണാധികാരികള്‍ തയ്യറാകുന്നില്ലേല്‍ അത് ഇന്ത്യയിലെ തങ്ങളുടെ സഹോദരങ്ങളുടെ മരണത്തിന് കാരണമാക്കുന്ന ക്രൂര നടപടിയാണ്.
 
ഇത്രയും നാളും വെള്ളം തന്ന സഹോദരങ്ങള്‍ ആ  വെള്ളം ഇങ്ങനെ നല്‍കിയാല്‍, അവര്‍ക്ക്, മരണഭീഷണി ഉണ്ടാകുമ്പോള്‍,  ആ വെള്ളം കുടിക്കാന്‍ ആത്മാര്‍ത്ഥതയുള്ള ഒരു ഇന്ത്യക്കാരനുമാവില്ല. ഈ സത്യം കേരളക്കാരും തമിഴരും എല്ലാ ഇന്ത്യക്കാരും മനസ്സിലാക്കണം.

കുടിവെള്ളം സഹോദരന്റെ മരണമണം വിളിച്ചറിയിക്കുമ്പോള്‍ ആത്മാര്‍ഥതയുള്ള ഒരു മനുഷ്യനും അത് കുടിക്കാനാവില്ല. തങ്ങള്‍ കുടിക്കുന്ന വെള്ളം വരുന്ന ഡാം പൊട്ടിയാല്‍ ലക്ഷം ജനങ്ങള്‍ മരിക്കും എന്ന് തിരിച്ചറിഞ്ഞാല്‍ ആര്‍ക്കു അത് കുടിക്കാനാവും?. ഇതു വേണ്ടത് പോലെ തമിള്‍ സഹോദരങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഒരു ഇന്ത്യക്കാരനായ തമിഴനും ഡാം കെട്ടുന്നതിന് എതിര്‌ നില്‍ക്കില്ല. ആരാണ് ഈ സത്യം മറച്ചുവെച്ചു മുതലെടുപ്പ് നടത്തുന്നത്?  

രണ്ടു സംസ്ഥാനക്കാരുടെ പ്രശ്നത്തില്‍ സത്യം പറഞ്ഞു കൊടുത്തു,  ലക്ഷം ജനങ്ങളുടെ ജീവന്‍ പന്താടാതെ തീരുമാനം എടുക്കേണ്ടതിനു പകരം കേന്ദ്ര ഭരണക്കാര്‍ വൈകിയാല്‍ അവര്‍ അനാവശ്യ വഴക്കുകള്‍ക്ക് വഴി വെട്ടികൊടുക്കുന്നവരായി മാറും. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ചിലരുടെ സമീപനം മറികടന്ന്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  ഉടനടി ഉണര്‍ന്നു പ്രവര്ത്തിച്ചില്ലേല്‍ ഒരു പക്ഷെ അടുത്ത പുലരിയില്‍ ഇന്ത്യക്കാരായ ലക്ഷം കേരളീയരെ മുല്ലപെരിയാര്‍ ഡാം വിഴുങ്ങി എന്ന്‍ കേള്‍ക്കേണ്ടിവരും. അങ്ങനെ സംഭവിക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ദൈവം പ്രകൃതി സൂചനകള്‍ നല്‍കിയിട്ടും ഇപ്പോഴും ചത്ത ചര്‍ച്ചകള്‍ മാത്രം നടത്തിയാല്‍, ചത്ത കേരളത്തെ വിചാരിച്ച് കേരളത്തിലെ ജനങ്ങള്‍ അനുദിനം ചത്തു ജീവിക്കേണ്ടിവരും.

തമിഴ്നാടിന് വെള്ളം, കേരളത്തിനു സുരക്ഷ. ഇതും പറഞ്ഞു പമ്മിയിരുന്നാല്‍ കേരളം വെള്ളത്തിനടിയിലാകും. ഡാം പൊട്ടിയാല്‍ തമിഴ്നാടിന് വെള്ളവും കിട്ടില്ല. കേരളത്തിന്റെ സുരക്ഷയും പോകും. ഡാമിന്റെ അടുത്ത് കഴിയുന്ന തമില്നാടുകാരും ഒഴുകും. അപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം വെള്ളത്തിനടിയിലാകും. ഇതു പറഞ്ഞു ഡാം സുരക്ഷ ഉറപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യ സര്‍ക്കാരിന് പറ്റിയില്ലേല്‍ ഇത് എന്ത് ജനാധിപത്യം.


കേരളം മുഴുവന്‍ ഒരു ദിവസം ശാന്തമായി, ഉപവാസയോഗം നടത്തണം. മുല്ലപ്പെരിയാര്‍ സംരക്ഷണദിനം. ഡാം കെട്ടുമ്പോള്‍ ജീവനും ജലവും സംരക്ഷിക്കപ്പെടും. മുല്ലപ്പെരിയാര്‍ സംരക്ഷണ ഉപവാസ ദിനത്തില്‍ ഇന്ത്യക്കാരായ കേരളീയര്‍ എവിടെയൊക്കെ ഉണ്ടോ, അതാത് സ്ഥലങ്ങളില്‍, വിവിധ സംസ്ഥാനങ്ങളില്‍, വിവിധ രാജ്യങ്ങളില്‍ ശാന്തമായി ഉപവാസസമരം നടത്തണം. 
 
ഡാമിന്റെ സുരക്ഷയില്ലയ്മയെക്കുറിച്ച് കേന്ദ്ര ഭരണകര്‍ത്താക്കളെയും സഹോദരങ്ങളായ തമില്നാട്ടുകാരെയും കാര്യകാരണ സഹിതം അറിയിക്കണം.
കേന്ദ്ര സര്‍ക്കാരും തമിള്‍ സര്‍ക്കാരും ഉചിതമായ നടപടിയെടുത്തില്ലേല്‍ കോടതിയെയും രാജ്യാന്തര കമ്മീഷനുകളെപ്പോലും ഈ വിവരം അറിയിക്കാന്‍ കേരള ഭരണാധികാരികള്‍ ശാന്തമായി, എന്നാല്‍ ഉടനടി തയ്യാറാകണം.
ഇന്ത്യക്കാരായ കേരളീയരെ പ്രതിനിധികരിച്ച് കേന്ദ്രത്തിലുള്ള ഭരണാധികാരികളും കേരള ഭരണാധികാരികളും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മുമ്പില്‍ ഒരു ദിവസം ശാന്തമായി ഉപവാസസമരം നടത്തണം. ഉടനടി വേണം. കാര്യം ഗൌരവമായി എടുത്തില്ലേല്‍ കൂട്ടരാജിക്കത്ത് പോലും നല്‍കണം. 
പ്രാര്‍ത്ഥന വല്യ ആയുധമാണ്. മേല്‍ പറഞ്ഞ മുല്ലപ്പെരിയാര്‍ സംരക്ഷണ ഉപവാസ ദിനത്തില്‍ പറ്റുന്നവരെല്ലാം  പ്രാര്‍ത്ഥിക്കട്ടെ. സഹോദരങ്ങളെയെല്ലാം ഇപ്പോള്‍തന്നെ മദ്ബഹായില്‍ (ബലിയര്‍പ്പണ വേദിയില്‍) ഓര്‍ക്കണം. നമ്മുക്ക് ഡാം കെട്ടി നമ്മുടെ സഹോദരങ്ങളായ തമിഴ്നാടിന് ജലവും നല്‍കി, കേരളത്തിന് ഇതു മൂലമുള്ള മരണ ഭീതിയും മാറ്റി ഇന്ത്യയെ ഒരുമയുടെ മുഖമായി ലോകനന്മയ്ക്കായി സമര്‍പ്പിക്കാം. അങ്ങനെ നമ്മിലുടെ നമ്മുടെ ദൈവം മഹത്തപ്പെടട്ടെ, മനുഷ്യന് നന്മ കൈവരട്ടെ. മരണത്തെ പോലും തോല്പ്പിച്ച് ഉയിര്ത്ത ഈശോമ്ശീഹായുടെ സമാധാനത്തില്‍, പ്രത്യാശയോടെ നമ്മുക്ക് കഴിയാം. നമ്മുടെ കുടിവെള്ളത്തിന് സഹോദരന്റെ മരണമണം ഉണ്ടേല്‍, കുടിവെള്ളം ഉള്ളിലേക്ക് ഇറക്കുന്നതിന് മുമ്പ് മരണമണം മാറ്റാന്‍ നമ്മുക്ക് കടമയുണ്ട്. സ്നേഹപൂര്‍വ്വം,  മാര്‍സ്ലീവാദയ്റാ. സൂബാറാ ഒന്നാം ഞായര്‍.

No comments:

Post a Comment